കോഴിക്കോട്: വടകര മയക്കുമരുന്ന് കേസിൽ ഒരാൾ കൂടി പൊലീസിന്റെ പിടിയിലായി. കണ്ണൂർ ഇരിട്ടി സ്വദേശിയും ഓൺലൈൻ ഡെലിവറി ബോയിയുമായ ജിജിൽ കുര്യാക്കോസ് ആണ് അറസ്റ്റിലായത്. ലഹരി വാങ്ങാനെത്തുന്നവരിൽ നിന്ന് പണം സ്വീകരിക്കുന്നതിനായി ജിജിലിന്റെ ഗൂഗിൾ പേ ക്യു.ആർ കോഡാണ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വഴി ഏകദേശം ഒരു കോടി രൂപയുടെ പണമിടപാടുകൾ നടന്നിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. കേസിൽ ഇതുവരെ മൂന്ന് അധ്യാപികമാർ അടക്കം അഞ്ച് പേരാണ് അറസ്റ്റിലായിട്ടുള്ളത്.
ലഹരിസംഘത്തിന് സാമ്പത്തിക ഇടപാടുകൾക്ക് സഹായം നൽകിയ പേരാമ്പ്ര ബി.ആർ.സിയിലെ അധ്യാപികയും പേരാമ്പ്ര സ്വദേശിനിയുമായ നീഷ്മയെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് ഇവരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
കേസിൽ നേരത്തെ പിടിയിലായ അധ്യാപികമാരായ കാവ്യ, കീർത്തന എന്നിവരെയും അന്വേഷണവിധേയമായി പിരിച്ചുവിട്ടിരുന്നു. ബി.ആർ.സിക്ക് കീഴിൽ സ്പെഷ്യൽ എഡ്യുക്കേറ്ററായിരുന്നു കാവ്യ, കീർത്തനയാകട്ടെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപികയുമായിരുന്നു. തികച്ചും ആസൂത്രിതമായ രീതിയിലാണ് ഇവർ മയക്കുമരുന്ന് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലഹരി ആവശ്യമുള്ളവർ ഇവരുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചിരുന്നത്. തുടർന്ന് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ പണമടച്ചവർക്ക് ഇവർ പങ്കുവെക്കും. ഈ സ്ഥലത്തുവെച്ച് മറ്റൊരു സംഘമാണ് ലഹരിമരുന്ന് ഉപഭോക്താക്കൾക്ക് കൈമാറിയിരുന്നത്.
ബാങ്ക് അക്കൗണ്ടുകളിൽ വൻതുകകൾ എത്തുമ്പോൾ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനായി ഈ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയുടെ അക്കൗണ്ട് ഇടപാടുകൾ നടന്നിട്ടുണ്ട്. സ്കൂൾ വിദ്യാർത്ഥികളെ ഈ സംഘം ഇരകളാക്കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. കൂടുതൽ അധ്യാപകർ നിലവിൽ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നാണ് വിവരം.





