തിരുവനന്തപുരം: കേന്ദ്രമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരെ വിദ്വേഷ പരാമർശം നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് സഹയാത്രികനായ ടി.ജി. മോഹൻദാസിനെതിരെ കേസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കഴിഞ്ഞദിവസം രാത്രി കേസ് രജിസ്റ്റർ ചെയ്തത്. അധിക്ഷേപിക്കൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
സമരക്കാരെ നേരിടാനുള്ള അവസരം തനിക്കു ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്തറിൽ കർഫ്യൂ ഏർപ്പെടുത്തുകയും വിദ്യാർത്ഥികൾക്ക് നേരെ വെടിയുതിർക്കുകയും ചെയ്യുമായിരുന്നുവെന്ന് ടി.ജി. മോഹൻദാസ് പറഞ്ഞിരുന്നു. "ജന്തർ മന്തറിന് ചുറ്റും നാല് കിലോമീറ്ററോളം കർഫ്യൂ പ്രഖ്യാപിക്കും. പിരിഞ്ഞുപോകാൻ ജനങ്ങളോട് മൈക്കിലൂടെ മൂന്ന് തവണ ആവശ്യപ്പെടും. പിന്നീട് വെടിയുതിർക്കും. അതോടെ ആളുകൾ ചിതറിയോടും. കുറേപ്പേർ മരിക്കും, കുറച്ചുപേർ മരിക്കില്ല, ചിലർക്ക് അംഗഭംഗം സംഭവിക്കും. ഏതാണ്ട് നാല് മണിക്കൂർ കൊണ്ട് സ്ഥിതിഗതികൾ ശാന്തമാക്കും. തുടർന്ന് ശവങ്ങൾ പെറുക്കി ആശുപത്രിയിലെത്തിക്കും" - ഇതായിരുന്നു ടി.ജി. മോഹൻദാസിന്റെ വിവാദ വാക്കുകൾ. ഇത്തരം പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയ ചരിത്രമുള്ള ആളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
വിദ്വേഷ പരാമർശം നടത്തിയ ടി.ജി. മോഹൻദാസിനെതിരെ കേസെടുക്കാത്തതിൽ യൂത്ത് കോൺഗ്രസ് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകിയിരുന്നു. പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നൽകിയ പരാതിയിൽ ഉടനടി കേസെടുത്ത പൊലീസ്, കോൺഗ്രസ് ഭാരവാഹികൾ നൽകിയ പരാതികൾ പരിഗണിക്കാത്തത് വിവാദമായിരുന്നു.





