Malayali Media
Kerala

ഉദ്യോഗസ്ഥർ ബാറുകളിലെത്തി കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു; എക്സൈസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ കടുത്ത വിമർശനവുമായി മന്ത്രി എം. ലിജു

28 Jul 20264 views 3 min read
ഉദ്യോഗസ്ഥർ ബാറുകളിലെത്തി കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു; എക്സൈസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ കടുത്ത വിമർശനവുമായി മന്ത്രി എം. ലിജു
Advertisement

തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥരുടെ വീഴ്ചകൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി എം. ലിജു. ഉദ്യോഗസ്ഥർക്കെതിരെ നിരവധി പരാതികൾ തനിക്ക് മുന്നിലുണ്ടെന്നും കൃത്യമായ രീതിയിൽ മാത്രമേ സിസ്റ്റം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ എന്നും മന്ത്രി താക്കീത് നൽകി. ഉദ്യോഗസ്ഥർ ബാറുകളിലെത്തി കെയ്സ് കണക്കിന് മദ്യം ആവശ്യപ്പെടുന്നുവെന്ന് ബാറുടമകൾ പരാതിപ്പെട്ടിട്ടുണ്ട്. ആദ്യം ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥർക്കും പിന്നാലെ താഴെത്തട്ടിലുള്ളവർക്കുമാണ് നൽകേണ്ടിവരുന്നത്. ഇതൊക്കെ ശരിയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം വേണം. അത്തരം ഒരു അവകാശവും ആർക്കുമില്ല. ഇത്ര കെയ്സ് മദ്യം അങ്ങോട്ട് എത്തിക്കാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ല. ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ അത് ക്യാമറയിൽ പകർത്തിവെയ്ക്കാൻ ബാറുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലിജു തുറന്നടിച്ചു. എക്സൈസ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചടങ്ങിലായിരുന്നു മന്ത്രിയുടെ വിമർശനം.

വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണ്ണമായും അഴിമതിരഹിതമായിരിക്കണമെന്ന് അദ്ദേഹം ആവർത്തിച്ചു. ഒട്ടേറെ ജില്ലകളിൽ നിന്ന് പരാതികൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. സംസ്ഥാനത്ത് പുലർച്ചെ അഞ്ച് മണിക്ക് വരെ ബാറുകൾ പ്രവർത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥർ അറിയാതെ നാട്ടിൽ ബാറുകൾ ഇത്തരത്തിൽ പ്രവർത്തിക്കുമോ എന്ന് ചോദിച്ച മന്ത്രി, സേന ഇതിന് മൗനാനുവാദം നൽകുന്നുണ്ടെന്ന് താൻ പറയുന്നില്ലെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ വിമുക്തി ഡി-അഡിക്ഷൻ സെന്ററുകളിൽ സൈക്കാട്രിസ്റ്റുകളെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു. നിലവിൽ കേരളത്തിലെ 14 വിമുക്തി അഡിക്ഷൻ കേന്ദ്രങ്ങളിലും സൈക്കാട്രിസ്റ്റുകളില്ലാത്തതിനാൽ തുടർചികിത്സകൾ തടസ്സപ്പെടുന്നുണ്ട്. മറ്റു വകുപ്പുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും കുറഞ്ഞ പ്ലാൻ ഫണ്ടുള്ളത് എക്സൈസ് വകുപ്പിനാണ്. 23 കോടി രൂപകൊണ്ടാണ് ഇത്രയും കാര്യങ്ങൾ നടത്തേണ്ടിവരുന്നത്. അതിനാൽ 5 കോടി രൂപ കൂടി അധികമായി അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് വകുപ്പുകൾക്ക് പി.ആർ പ്രവർത്തനങ്ങൾക്ക് പോലും ഇതിനേക്കാൾ ഉയർന്ന തുക ലഭ്യമാണ്. സർക്കാർ അധികാരത്തിലെത്തി രണ്ടുമാസവും പത്തുദിവസവും പൂർത്തിയാകുമ്പോൾ എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ തൃപ്തിയുണ്ടെന്നും ലിജു വ്യക്തമാക്കി.

Tags:#excise#m liju
Advertisement

Comments

Add a Comment

Our Channels

ഉദ്യോഗസ്ഥർ ബാറുകളിലെത്തി കെയ്സ് കണക്കിന് മദ്യം ചോദിക്കുന്നു; എക്സൈസ് കമ്മീഷണറുടെ സാന്നിധ്യത്തിൽ കടുത്ത വിമർശനവുമായി മന്ത്രി എം. ലിജു | Malayali Media