തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'പ്രിയദർശിനി' സ്ത്രീ സൗജന്യ യാത്രാ പദ്ധതി പ്രകാരം ആദ്യത്തെ 15 ദിവസത്തെ ചെലവിലേക്കായി കെ.എസ്.ആർ.ടി.സിക്ക് 41.50 കോടി രൂപ അനുവദിച്ച് ഉത്തരവായി. ബജറ്റിൽ ഈ പദ്ധതിക്ക് വേണ്ടി പ്രത്യേകം മാറ്റിവെച്ച 600 കോടി രൂപയിൽ നിന്നാണ് ജൂൺ 15 മുതൽ 30 വരെയുള്ള കാലയളവിലെ സൗജന്യ ടിക്കറ്റ് തുക കോർപ്പറേഷന് നൽകിയത്.
സൗജന്യ യാത്രാ പദ്ധതി പ്രാബല്യത്തിൽ വന്നതോടെ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിൽ വലിയ കുതിപ്പാണ് ഉണ്ടായിട്ടുള്ളത്. ശരാശരി ആറു ലക്ഷം സ്ത്രീകൾ പ്രതിദിനം യാത്ര ചെയ്തിരുന്ന സ്ഥാനത്ത് നിലവിൽ അത് 12 ലക്ഷമായി വർധിച്ചുവെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
ആദ്യത്തെ 15 ദിവസം കൊണ്ടുതന്നെ ചെലവ് 40 കോടി രൂപയ്ക്ക് മുകളിലെത്തിയതിനാൽ, പദ്ധതി നടത്തിപ്പിനായുള്ള പ്രതിമാസ ബാധ്യത 80 കോടി രൂപ കടക്കുമെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.
എന്നാൽ, പദ്ധതി തുടങ്ങിയ ആദ്യ ദിനങ്ങളിൽ അനുഭവപ്പെട്ട അസാധാരണമായ തിരക്കാണ് ഈ ഉയർന്ന ചെലവിന് പ്രധാന കാരണമെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിക്കുന്നു. വരും മാസങ്ങളിൽ യാത്രക്കാരുടെ എണ്ണം സാധാരണ ഗതിയിലാകുമ്പോൾ ചെലവ് കുറഞ്ഞേക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.





