Malayali Media
Kerala

കുണ്ടറ കസ്റ്റഡി മരണ ആരോപണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തര വകുപ്പ്

28 Jul 202632 views 3 min read
കുണ്ടറ കസ്റ്റഡി മരണ ആരോപണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തര വകുപ്പ്
Advertisement

കൊല്ലം: കുണ്ടറയിൽ പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ചെന്ന പരാതിയിൽ കേസ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. വിഷയം ഗുരുതരമായ പശ്ചാത്തലത്തിലാണ് ഈ നടപടി. പൊലീസുകാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കൊല്ലം റൂറൽ എസ്.പി ഷാജി സുഗുണൻ വ്യക്തമാക്കി. അന്വേഷണത്തിലൂടെ മാത്രമേ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.

ഹൃദയത്തിലുണ്ടായ അണുബാധയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരണപ്പെട്ട സിയാദ് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച് ചികിത്സ തേടിയിരുന്നതായി എസ്.പി അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തത വരുമെന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, നിലവിലെ അന്വേഷണ പുരോഗതി വ്യക്തമാക്കി റൂറൽ എസ്.പി ഷാജി സുഗുണൻ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ കസ്റ്റഡി മർദ്ദനം നടന്നിട്ടുണ്ടോ എന്ന് ഉറപ്പിക്കാൻ സാധിക്കൂ എന്ന് റിപ്പോർട്ടിൽ പറയുന്നു. സിയാദിന്റെ മരണം വരെ കസ്റ്റഡി മർദ്ദനം സംബന്ധിച്ച് യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, സിയാദിന് പൊലീസ് കസ്റ്റഡിയിൽ മർദ്ദനമേറ്റിട്ടില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. സ്റ്റേഷനിലെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മർദ്ദിച്ചതായി കണ്ടെത്താനായിട്ടില്ല. ജീപ്പിലിട്ട് മർദ്ദിച്ചെന്നത് ആരോപണം മാത്രമാണെന്നും മരണപ്പെടുന്നത് വരെ മർദ്ദനം സംബന്ധിച്ച് ലോക്കൽ പൊലീസിനോ ആശുപത്രി അധികൃതർക്കോ വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം, നടപടിക്രമങ്ങൾ പാലിക്കുന്നതിൽ കുണ്ടറ പൊലീസിന് വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു. സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതിൽ വേണ്ടത്ര നടപടികൾ പാലിച്ചില്ലെന്നും മെഡിക്കൽ പരിശോധന പൂർത്തിയാക്കാതെ വിട്ടത് വീഴ്ചയാണെന്നും സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തുന്നു.

അതിനിടെ, കസ്റ്റഡി മർദ്ദനം മൂലമാണ് സിയാദ് മരിച്ചതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് ബന്ധുക്കൾ. സിയാദിന്റെ മരണശേഷം മകൾ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിനെ ഫോണിൽ വിളിച്ചതിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സാർ ഉപദ്രവിച്ചുവെന്ന് പപ്പ പറഞ്ഞിരുന്നെന്നും അത് കാരണമാണ് പപ്പ മരിച്ചതെന്നുമാണ് മകൾ ആരോപിക്കുന്നത്. സഹോദരിയുടെ മകനെ കാണാതായെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് കുണ്ടറ പൊലീസ് സിയാദിനെ കസ്റ്റഡിയിലെടുത്തത്. സിയാദ് രോഗിയാണെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിട്ടും അത് ഗൗനിക്കാതെയാണ് പൊലീസ് കൊണ്ടുപോയതെന്ന് ആരോപണമുണ്ട്. കോവിൽമുക്ക് എന്ന സ്ഥലത്തുവെച്ച് ജീപ്പിലിട്ട് സിയാദിനെ മർദ്ദിച്ചതായി പരാതിയുണ്ടെങ്കിലും സ്റ്റേഷനിൽവെച്ച് മർദ്ദിച്ചതായി ബന്ധുക്കൾ പറഞ്ഞിട്ടില്ല. പൊലീസിന്റെ മർദ്ദനം മൂലമാണ് അണുബാധയുണ്ടായതെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.

Tags:#kerala police#custody death#kollam
Advertisement

Comments

Add a Comment

Our Channels

കുണ്ടറ കസ്റ്റഡി മരണ ആരോപണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തര വകുപ്പ് | Malayali Media