കൊച്ചി: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വാർഷിക വരവ്-ചെലവ് കണക്കുകളിൽ കണ്ടെത്തിയ പൊരുത്തക്കേടുകൾ സംബന്ധിച്ച ഹർജി ഇന്ന് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ഓഡിറ്റിന്റെ നിലവിലെ തൽസ്ഥിതി വിവരങ്ങൾ ധരിപ്പിക്കുന്നതിനായി സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് കോടതിയിൽ ഹാജരാകും. ഓൺ ലൈൻ വഴിപാടുകളിലും ഡിജിറ്റൽ ഇടപാടുകളിലും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഹൈക്കോടതി ദേവസ്വം ബെഞ്ച് നിരീക്ഷിച്ച പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദേശിച്ചത്.
ഡിജിറ്റൽ പണമിടപാടുകൾ കൃത്യമായി രേഖപ്പെടുത്താനുള്ള സംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടിയുള്ള ഓഡിറ്റ് റിപ്പോർട്ടിന്റെ വെളിച്ചത്തിലായിരുന്നു കോടതി നടപടി. ക്ഷേത്രത്തിലെ ഭരണ-സാമ്പത്തിക കാര്യങ്ങൾ പൂർണമായി ഡിജിറ്റലൈസ് ചെയ്യുന്നതിന് ഒരു വിദഗ്ധ ഏജൻസിയെ ചുമതലപ്പെടുത്തണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ നിർദേശിച്ചിട്ടുണ്ട്. കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.
ഗുരുവായൂർ ദേവസ്വത്തിലെ ഓഡിറ്റിംഗിൽ വലിയ വീഴ്ചയുണ്ടായതായി ഹൈക്കോടതി കണ്ടെത്തിയിരുന്നു. പ്രധാനമായും ഓൺലൈൻ വഴിപാടുകളിലും ഡിജിറ്റൽ പണമിടപാടുകളിലുമാണ് കോടതി കടുത്ത വിമർശനം ഉന്നയിച്ചത്. വഴിപാടായി ലഭിച്ച സ്വർണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ രജിസ്റ്ററുകളിൽ ശരിയായി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഓഡിറ്റ് വിഭാഗം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച ഈ റിപ്പോർട്ട് ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്നതാണ്.
ആവശ്യപ്പെട്ട വിവരങ്ങൾ ദേവസ്വം അധികൃതർ നൽകിയില്ലെന്നാണ് ഓഡിറ്റ് വിഭാഗം വ്യക്തമാക്കിയത്. കഴിഞ്ഞ 43 വർഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ ഭൗതിക പരിശോധന നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. 2011-12 മുതൽ 2019-20 വരെയുള്ള കാലയളവിൽ 54.59 കോടി രൂപയുടെ വ്യത്യാസമാണ് കണക്കുകളിൽ കണ്ടെത്തിയിട്ടുള്ളത്. സാമ്പത്തിക ഇടപാടുകളിൽ പൂർണ സുതാര്യത ഉറപ്പുവരുത്തണമെന്ന് വ്യക്തമാക്കിയ കോടതി, നിലവിലെ ഓഡിറ്റ് സ്ഥിതി വിവരങ്ങൾ ബോധിപ്പിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടറോട് നേരിട്ട് ഹാജരാകാൻ ഉത്തരവിടുകയായിരുന്നു.





