തിരുവനന്തപുരം: തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പ്രധാന കാരണം ഭരണത്തിന്മേൽ പാർട്ടിക്ക് കൃത്യമായ നിയന്ത്രണമില്ലാതെ പോയതാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോർട്ട്. പൊതുവേദികളിൽ സംസാരിക്കുമ്പോൾ നേതാക്കൾ കുറച്ചുകൂടി ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും വിമർശനമുണ്ട്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് വിലയിരുത്തൽ റിപ്പോർട്ട് പാർട്ടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സർക്കാരും പാർട്ടിയും തമ്മിൽ അർഹിക്കുന്ന ഏകോപനമില്ലാത്തതാണ് പരാജയത്തിന് വഴിതെളിച്ചത്. നേതാക്കളുടെ അഹങ്കാരവും അഴിമതിയുമാണ് തിരിച്ചടിയായതെന്ന വിമർശനവും ഉയർന്നു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ഉചിതമായ രീതിയിൽ തള്ളിപ്പറയാൻ സാധിച്ചില്ല. പി.എം ശ്രീ വിഷയത്തിൽ മുന്നണിയിലെ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ശക്തമായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ സമ്മതിക്കുന്നു.
മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയെയും ലക്ഷ്യമിട്ട് യു.ഡി.എഫ് വ്യാജപ്രചാരണം നടത്തി. സി.പി.ഐ.എമ്മിനും എൽ.ഡി.എഫിനുമെതിരെ വലതുപക്ഷ രാഷ്ട്രീയ ശക്തികളെ ഒന്നിച്ചുനിർത്താൻ അവർക്ക് സാധിച്ചു. ജമാഅത്തെ ഇസ്ലാമിയും വെൽഫെയർ പാർട്ടിയും യു.ഡി.എഫിനായി പരസ്യമായി പ്രചാരണത്തിനിറങ്ങി. തിരഞ്ഞെടുപ്പ് സമയത്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ധാർമ്മികതയെ ചോദ്യം ചെയ്തുകൊണ്ട് വിദ്വേഷ പ്രചാരണങ്ങൾ നടത്തി. എൽ.ഡി.എഫിനെ വീഴ്ത്താൻ ബി.ജെ.പിയും കോൺഗ്രസും പരസ്പരം സഹായിക്കുമ്പോൾ, സി.പി.ഐ.എമ്മിന് ബി.ജെ.പിയുമായി ധാരണയുണ്ടെന്ന പ്രചാരണമാണ് അവർ അഴിച്ചുവിട്ടതെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പാർട്ടിയുടെ വോട്ട് വിഹിതത്തിൽ 2021-നെ അപേക്ഷിച്ച് 2026-ൽ വലിയ ഇടിവുണ്ടായി; 25.38 ശതമാനത്തിൽ നിന്ന് 21.77 ശതമാനമായി വോട്ട് കുറഞ്ഞു. എന്നാൽ കോൺഗ്രസ് തങ്ങളുടെ വോട്ട് വിഹിതം 25.12 ശതമാനത്തിൽ നിന്ന് 28.79 ശതമാനത്തിലേക്ക് വർധിപ്പിച്ചു. കഴിഞ്ഞ നാൽപത് വർഷത്തിനിടയിൽ സി.പി.ഐ.എമ്മിന്റെ വോട്ടുവിഹിതത്തിലുണ്ടാകുന്ന ഏറ്റവും വലിയ കുറവാണിതെന്നും, ഇത് വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.





