കൊച്ചി: മുഖ്യമന്ത്രി വി. ഡി. സതീശന്റെ പേര് ദുരുപയോഗം ചെയ്ത് സൈബർ സാമ്പത്തിക തട്ടിപ്പ്. 'ധൻ ധൻ യോജന പദ്ധതി' വഴി ഇൻഷുറൻസ് ക്ലെയിം തുക ലഭിക്കുമെന്ന വ്യാജ വാഗ്ദാനം നൽകിയാണ് തട്ടിപ്പുസംഘം പണം കവർന്നത്. വാഗ്ദാനം വിശ്വസിച്ച വടക്കേക്കര സ്വദേശിയായ യുവാവിന് 2,499 രൂപ നഷ്ടമായി. സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പദ്ധതിയിലൂടെ 5000 രൂപ ലഭിക്കുമെന്ന ഇൻസ്റ്റഗ്രാം പരസ്യം കണ്ട് അതിൽ നൽകിയിരുന്ന ലിങ്കിൽ യുവാവ് പ്രവേശിക്കുകയായിരുന്നു. ചതിക്കപ്പെട്ടതാണെന്ന് മനസ്സിലായതോടെ ഇയാൾ ആദ്യം പറവൂർ പൊലീസിലാണ് പരാതി നൽകിയത്. തുടർന്ന് ഈ പരാതി കൂടുതൽ അന്വേഷണങ്ങൾക്കായി ആലുവ സൈബർ പൊലീസിന് കൈമാറുകയായിരുന്നു.
ഇത്തരം വ്യാജ പ്രചാരണങ്ങളിലും ഓഫറുകളിലും ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. അജ്ഞാത ലിങ്കുകളിൽ പ്രവേശിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറരുതെന്നും പൊലീസ് കർശന മുന്നറിയിപ്പ് നൽകുന്നു.





