കൊല്ലം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ കൂടുതൽ അറസ്റ്റുകൾ രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒരുങ്ങുന്നു. മുൻ ദേവസ്വം ബോർഡ് അംഗം ജി. സുന്ദരേശൻ, മുൻ തിരുവാഭരണം കമ്മീഷണർ റെജിലാൽ എന്നിവർക്ക് ഔദ്യോഗിക ചുമതലകളിൽ കടുത്ത വീഴ്ച സംഭവിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖ നിർമാണം ഉൾപ്പെടെയുള്ള അതീവ ഗുരുതരമായ ലംഘനങ്ങളാണ് റെജിലാലിനെതിരെ തെളിഞ്ഞിരിക്കുന്നത്.
ദേവസ്വം ബോർഡ് ജീവനക്കാർക്ക് കൃത്യനിർവഹണത്തിൽ വന്നിട്ടുള്ള വീഴ്ചകളെക്കുറിച്ച് വിപുലമായ പരിശോധന നടത്താനാണ് എസ്ഐറ്റിയുടെ തീരുമാനം. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ സേവനമനുഷ്ഠിച്ച ദേവസ്വം ജീവനക്കാരുടെ പങ്കാളിത്തമാണ് പ്രധാനമായും അന്വേഷണ പരിധിയിൽ വരുന്നത്.
സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളും തെളിവുകളും ശേഖരിക്കാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം. കേസിൽ ഇതിനോടകം അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, മുൻ അംഗം അജികുമാർ എന്നിവരെ തുടരന്വേഷണത്തിനായി എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 2025-ൽ നടന്ന ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിന് ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് എസ്ഐടി വ്യക്തമാക്കി.





