കൊച്ചി: നീറ്റ് ഉൾപ്പെടെയുള്ള വിവിധ പരീക്ഷകളിലെ തട്ടിപ്പുകൾക്കെതിരെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടും സിജെപിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ തുടരുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിക്കെതിരെ പൊലീസ് കേസെടുത്തു. റാപ്പർ വേടൻ സാന്നിധ്യമറിയിച്ച പനമ്പള്ളി നഗറിലെ പരിപാടിക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വേടന്റെ മാനേജർ വിഗ്നേഷ്, കണ്ടാലറിയാവുന്ന 99 പേർ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. പൊലീസിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നാരോപിച്ച് എറണാകുളം ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്.
ജൂലൈ 22-നാണ് ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്ക് പിന്തുണയുമായി കൊച്ചിയിൽ സാംസ്കാരിക കൂട്ടായ്മകൾ രൂപീകരിച്ചത്. റാപ്പർ വേടൻ, ഗബ്രി എന്നിവരുടെ നേതൃത്വത്തിൽ പനമ്പള്ളി നഗറിലാണ് 'പാട്ടും പ്രതിഷേധവും' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പദവി ഒഴിയണമെന്ന് പരിപാടിയിൽ പങ്കെടുത്തുകൊണ്ട് വേടൻ ആവശ്യപ്പെടുകയുണ്ടായി. പരാജയപ്പെട്ട നയങ്ങൾക്ക് ജനാധിപത്യ രാജ്യത്ത് സ്ഥാനമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മഹാരാജാസ് കോളേജിൽ നടന്ന ഐക്യദാർഢ്യ കൂട്ടായ്മയിൽ സാഹിത്യകാരന്മാരായ എൻ.എസ്. മാധവൻ, കെ.ആർ. മീര, ചലച്ചിത്ര താരം ജോജു ജോർജ്, സംവിധായകൻ ആഷിഖ് അബു, രഞ്ജിനി ഹരിദാസ് തുടങ്ങിയവർ പങ്കെടുത്തിരുന്നു.
ജന്തർ മന്തറിൽ തുടരുന്ന വിദ്യാർഥി പ്രക്ഷോഭത്തെ രാജ്യവിരുദ്ധ സമരമായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വേടൻ അഭിപ്രായപ്പെട്ടിരുന്നു. മോശമായ വിദ്യാഭ്യാസ രീതിക്കും ഭരണകൂടത്തിനുമെതിരെയാണ് വിദ്യാർഥികൾ പ്രക്ഷോഭം ഉയർത്തുന്നതെന്നും, ഇത്തരം സന്ദർഭങ്ങളിൽ ജനാധിപത്യവിശ്വാസികൾക്ക് മൗനം പാലിക്കാനാവില്ലെന്നും വേടൻ പറഞ്ഞു. സമരം ചെയ്യുന്ന വിദ്യാർഥികളെ പിന്തുണയ്ക്കുന്നവർക്ക് നേരിടേണ്ടി വരുന്ന സൈബർ ആക്രമണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "സൈബർ ആക്രമണം എന്നത് ഒരു പ്രചാരണ തന്ത്രമാണ് (പ്രൊപ്പഗാണ്ട). എനിക്കെതിരെയും കടുത്ത തെറിവിളികൾ നടക്കുന്നുണ്ട്. ഇതൊക്കെ ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടുപോവുക, പോരാടുക എന്നതാണ് ചെയ്യേണ്ടത്" എന്നായിരുന്നു വേടന്റെ വാക്കുകൾ.





