ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയെയും എസ്പിയെയും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. അന്വേഷണത്തിൽ ഗുരുതര വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. സാധാരണക്കാരുടെ സംരക്ഷണത്തിനായി കോടതികൾ നിലവിലുണ്ടെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.
കേസിലെ പ്രതിയായ ഡോക്ടർ എം.കെ. റാമിനെ അറസ്റ്റ് ചെയ്യുന്നതിൽ വരുത്തിയ വീഴ്ചയെത്തുടർന്നാണ് ഡിവൈഎസ്പിയോടും എസ്പിയോടും നേരിട്ട് ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഇത്രയും ഗൗരവമേറിയ കേസിൽ എങ്ങനെയാണ് ഇത്തരമൊരു പിഴവ് സംഭവിച്ചതെന്ന് ഡിവൈഎസ്പിയോട് ആരാഞ്ഞ കോടതി, പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമമാണോ ഇതെന്ന് ചോദിക്കുകയും ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണോ ഇപ്രകാരം പ്രവർത്തിച്ചതെന്നും കോടതി സംശയം പ്രകടിപ്പിച്ചു.
കേസിന്റെ വിവരങ്ങൾ കൃത്യമായി മേൽനോട്ടം വഹിക്കുന്നതിൽ എസ്പിക്കും വീഴ്ച പറ്റിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. ചില കേസ് അന്വേഷണങ്ങളിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ഇടപെടലുകൾ പരിതാപകരമാണ്. പ്രമാദമായ കേസുകളിൽ കുറ്റവാളികളെ പിടികൂടാൻ കോടതി ഇടപെടേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഈ കേസിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതി നേരിട്ട് അന്വേഷണത്തിന് ഉത്തരവിടുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. സാധാരണക്കാർക്ക് നീതി ഉറപ്പാക്കാൻ കോടതികൾ ഇവിടെയുണ്ടെന്നും അവ ഇല്ലാതായിപ്പോയിട്ടില്ലെന്നും കോടതി ഓർമ്മിപ്പിച്ചു.





