തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ മോർഫിംഗ് കേസിൽ പ്രതിസ്ഥാനത്തുള്ള ഏബൽ അഗസ്റ്റിനെതിരെ കൂടുതൽ വിദ്യാർഥികൾ പരാതികളുമായി രംഗത്തെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പോലീസ് രണ്ട് എഫ്‌ഐആറുകൾ കൂടി കേസിൽ കൂട്ടിച്ചേർത്തു. ഇതോടെ ഏബലിനെതിരെ രജിസ്റ്റർ ചെയ്ത ആകെ കേസുകളുടെ എണ്ണം അഞ്ചായി ഉയർന്നു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
വിഷയത്തിൽ കഴിഞ്ഞ ദിവസം വിദ്യാർഥികൾ ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി കൈമാറിയിരുന്നു. കേസ് കൈകാര്യം ചെയ്തതിൽ പോലീസിന്റെ ഭാഗത്തുനിന്ന് കടുത്ത വീഴ്ച സംഭവിച്ചുവെന്നും, ഒന്നിലധികം പരാതികൾ ലഭിച്ചിട്ടും വേറെവേറെ എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യാനോ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനോ ആദ്യഘട്ടത്തിൽ പോലീസ് തയ്യാറായില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു.
സമരം ശക്തമായതോടെ മാത്രമാണ് മൊഴിയെടുക്കാൻ പോലീസ് സന്നദ്ധരായതെന്നും പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും ഇവർ ആവശ്യപ്പെട്ടു. പരാതി ഉന്നയിച്ച വിദ്യാർഥികൾക്ക് അർഹമായ നീതി ഉറപ്പാക്കണമെന്ന ആവശ്യവും ഇവർ മന്ത്രിക്ക് മുന്നിൽ വെച്ചു.





