Malayali Media
Kerala

ഇവിഎം തട്ടിപ്പിനായി കോൺഗ്രസ് നേതാവ് സമീപിച്ചതായി ഷാനവാസ് പാദൂർ; ആരോപണം തള്ളി ബി.എം. ജമാൽ

24 Jul 20261 views 3 min read
ഇവിഎം തട്ടിപ്പിനായി കോൺഗ്രസ് നേതാവ് സമീപിച്ചതായി ഷാനവാസ് പാദൂർ; ആരോപണം തള്ളി ബി.എം. ജമാൽ
Advertisement

കാസർകോട്: ഇവിഎം തിരിമറിയുടെ പേരിൽ തട്ടിപ്പ് നടത്തിയ കോൺഗ്രസ് നേതാവ് അഡ്വ. ബി.എം. ജമാൽ തന്നെയും ബന്ധപ്പെട്ടിരുന്നതായി കാസർകോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാനവാസ് പാദൂറിന്റെ വെളിപ്പെടുത്തൽ. വോട്ടിംഗ് യന്ത്രം ഹാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് ഫലം അനുകൂലമാക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും, ജനവിധി അട്ടിമറിക്കാൻ താത്പര്യമില്ലാത്തതിനാൽ താൻ അത് കേൾക്കാൻ പോലും തയ്യാറായില്ലെന്ന് ഷാനവാസ് പാദൂർ വ്യക്തമാക്കി. കാസർകോട്ടെ തെരഞ്ഞെടുപ്പ് ഫലത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.എം. ജമാലിന്റെ ആളാണെന്ന് പറഞ്ഞ് മറ്റൊരാളാണ് തന്നെ സമീപിച്ചതെന്നും ബേപ്പൂരിലും തിരുവനന്തപുരത്തും ഇത്തരത്തിൽ ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ട ഇയാൾ പണവും ആവശ്യപ്പെട്ടിരുന്നതായി ഷാനവാസ് പറഞ്ഞു.അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി അഡ്വ. ബി.എം. ജമാൽ രംഗത്തെത്തി. 

ഉദുമയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കെടുത്താനുള്ള ശ്രമമാണിതെന്ന് അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കല്ലട്ര മാഹിൻ ഹാജിയെയോ എ.കെ.എം. അഷ്‌റഫിനെയോ താൻ ബന്ധപ്പെട്ടിട്ടില്ലെന്നും ഉദുമ മണ്ഡലത്തിൽ തന്നെയാണ് സജീവമായി ഉണ്ടായിരുന്നതെന്നും ജമാൽ പറഞ്ഞു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച അദ്ദേഹം, മൂന്ന് സ്ഥാനാർത്ഥികളും ഏതെങ്കിലും രീതിയിലുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കട്ടെ എന്ന് വെല്ലുവിളിച്ചു. ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തന്റെ പേര് പരിഗണിക്കപ്പെട്ടതറിഞ്ഞ് അത് തടയാനാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. ഇത്തരം ഭീഷണികൾ കണ്ട് ഭയക്കില്ലെന്നും പാർട്ടി ഏൽപ്പിച്ചാൽ പദവി വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisement

Related News

Comments

Add a Comment

Our Channels