തിരുവനന്തപുരം: സംസ്ഥാനത്തെ പവർകട്ടിന്റെ കാരണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകതയാണ് ഈ സീസണിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി കേവലം മുപ്പത് ദിവസം കൊണ്ട് ഉണ്ടാക്കിയ പ്രതിഭാസമല്ല പവർക്കട്ടെന്നും അദ്ദേഹം പറഞ്ഞു. വസ്‌തുതകൾക്ക് നിരക്കാത്ത പ്രചാരണങ്ങളാണ് ഇതിനെതിരെ നടക്കുന്നത്. മഴയുടെ കടുത്ത കുറവ്, അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞത്, ഹൈഡൽ പവർ ഉൽപ്പാദനത്തിൽ 80 ശതമാനത്തിന്റെ ഇടിവ്, ദേശീയ വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത അവസ്ഥ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗത്തിലുണ്ടായ 1000 മെഗാവാട്ടിന്റെ വർധനവ് എന്നിവയാണ് വൈദ്യുതി ഉൽപ്പാദനം കുറയാനും തുടർന്ന് പവർകട്ടിലേക്ക് കാര്യങ്ങളെത്തിക്കാനും കാരണമായതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.
25 വർഷക്കാലത്തേക്ക് ഒരു യൂണിറ്റിന് 4 രൂപ 29 പൈസ നിരക്കിൽ വൈദ്യുതി വാങ്ങാൻ ഉമ്മൻചാണ്ടി സർക്കാർ ഒപ്പുവെച്ച കരാർ പിണറായി സർക്കാർ റദ്ദാക്കിയതാണ് ഉയർന്ന തുകയ്ക്ക് വൈദ്യുതി വാങ്ങേണ്ട അവസ്ഥയ്ക്ക് വഴിവെച്ചതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഈ കരാർ പ്രകാരം ഒരു വർഷം ഉമ്മൻചാണ്ടി സർക്കാരും തുടർന്ന് ഏഴ് വർഷം പിണറായി സർക്കാരും വൈദ്യുതി വാങ്ങിയിരുന്നു. എന്നാൽ എട്ടാം വർഷത്തിൽ പ്രസ്തുത കരാർ റദ്ദാക്കുകയാണുണ്ടായത്. അതിനുശേഷം 8 രൂപ മുതൽ 14 രൂപ വരെ നൽകി അദാനി കമ്പനിയിൽ നിന്നാണ് വൈദ്യുതി വാങ്ങിയത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ നിലവിലുണ്ടായിരുന്നെങ്കിൽ വൈദ്യുതി നൽകാൻ കമ്പനി ബാധ്യസ്ഥരാകുമായിരുന്നു. എന്നാൽ ആ കരാർ റദ്ദാക്കിയതിന് പുറമേ നിലവിൽ ഓപ്പൺ മാർക്കറ്റിൽ വൈദ്യുതി കിട്ടാനുമില്ല. എന്തുകൊണ്ടാണ് ആ കരാർ റദ്ദാക്കിയതെന്ന് അന്നത്തെ വൈദ്യുത മന്ത്രിയോ മുഖ്യമന്ത്രിയോ വ്യക്തമാക്കിയിട്ടില്ലെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.





