Malayali Media
Kerala

വഖഫ് ബോർഡിൽ മുസ്‌ലിം ഇതര പ്രതിനിധികളെ ഉൾപ്പെടുത്താൻ തയ്യാറെന്ന് ഹൈക്കോടതിയിലും വ്യക്തമാക്കി സർക്കാർ

ഇരുവരുടെയും നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്ന് കോടതി

22 Jul 20261 views 3 min read
വഖഫ് ബോർഡിൽ മുസ്‌ലിം ഇതര പ്രതിനിധികളെ ഉൾപ്പെടുത്താൻ തയ്യാറെന്ന് ഹൈക്കോടതിയിലും വ്യക്തമാക്കി സർക്കാർ
Advertisement

കൊച്ചി: വഖഫ് ബോർഡിൽ മുസ്‌ലിം ഇതര വിഭാഗങ്ങളിൽ നിന്നുള്ള അംഗങ്ങളെ നിയമിക്കാൻ സന്നദ്ധമാണെന്ന നിലപാട് ഹൈക്കോടതിയിലും ആവർത്തിച്ച് വ്യക്തമാക്കി അഡ്വക്കറ്റ് ജനറൽ. എന്നാൽ, ഒഴിവുള്ള രണ്ട് മുസ്‌ലിം ഇതര പ്രതിനിധികളുടെ നിയമനം ആദ്യം നടത്തുകയല്ലേ വേണ്ടതെന്നും, അത് വഴി ബോർഡിന്റെ പ്രവർത്തനം സുഗമമാക്കിയ ശേഷം പിന്നീട് പുനഃസംഘടന നടത്തുന്നതല്ലേ ഉചിതമെന്നും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച് സർക്കാരിനോട് ആരാഞ്ഞു. ഇങ്ങനെ ചെയ്യുമ്പോൾ വഖഫ് ബോർഡിന് സാധാരണ പോലെ പ്രവർത്തിക്കാനാകുമല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി, രണ്ട് അംഗങ്ങളുടെ നിയമനം മാത്രം എന്തുകൊണ്ടാണ് വൈകിപ്പിക്കുന്നതെന്നും ചോദ്യമുയർത്തി.

വഖഫ് ബോർഡ് രൂപീകരണ വേളയിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ വീഴ്ചകളോ ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമാക്കാനും ഇക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനും സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കുന്നതിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിനാണെന്നും അതിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതി അറിയിച്ചു. വിവിധ മതവിഭാഗങ്ങളെക്കുറിച്ച് സർക്കാർ പരിശോധന നടത്തിയിട്ടുണ്ടോ എന്ന കാര്യവും, ബോർഡിന്റെ ജുഡീഷ്യൽ സിറ്റിംഗുകൾ നടത്തുന്നതിന് വിലക്കുകളൊന്നുമില്ലെന്നതും ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തത വരുത്തി.

ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിലെ ഒറ്റ വാചകമൊഴികെ ബാക്കിയെല്ലാം സുപ്രീം കോടതി ശരിവെച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ബോർഡ് പുനഃസംഘടിപ്പിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യമെന്ന് വ്യക്തമാക്കിയപ്പോൾ, രണ്ടുപേരുടെ നിയമനം എന്തിനാണ് നീട്ടിക്കൊണ്ടുപോകുന്നതെന്ന ചോദ്യമാണ് കോടതി വീണ്ടും ഉന്നയിച്ചത്. ബോർഡ് നിലവിൽ വരുത്തിയത് സർക്കാരായതിനാൽ അതിൽ പുനഃസംഘടന നടത്തുന്നതിലും സർക്കാരിന് തന്നെ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

അതേസമയം, ജോയിന്റ് സെക്രട്ടറിയെ വഖഫ് ബോർഡിന്റെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച നടപടിയും ഹൈക്കോടതി ഇടക്കാല ഉത്തരവിലെ അവസാന വരിയുമാണ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയത്. ഇതോടെ വഖഫ് ബോർഡ് സെക്രട്ടറി എക്സ് ഒഫീഷ്യോ അംഗമായി മാത്രം തുടരുന്ന സ്ഥിതിയായി. നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് വഖഫ് ബോർഡ് സമർപ്പിച്ച അപ്പീലിലായിരുന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ ഉത്തരവ്.

യഥാർത്ഥ വസ്തുതകളും ബോർഡിന്റെ സാഹചര്യങ്ങളും ഹൈക്കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് വഖഫ് നിയമത്തിലെ 22-ാം വകുപ്പിന് വിരുദ്ധമാണെന്നും, മുസ്‌ലിം ഇതര പ്രതിനിധികളെ നിയമിച്ചില്ല എന്നത് ബോർഡിന്റെ പ്രവർത്തനങ്ങൾ തടയാനുള്ള ന്യായമല്ലെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഒഴിവുകൾ നികത്തിയില്ല എന്ന കാരണത്താൽ ബോർഡ് രൂപീകരണം അസാധുവാക്കാനാകില്ലെന്നും, രൂപീകരണത്തിൽ വീഴ്ചകൾ സംഭവിച്ചാലും പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയില്ലെന്നുമാണ് അപ്പീലിൽ വിശദീകരിച്ചിരുന്നത്.

Advertisement

Comments

Add a Comment

Our Channels