Malayali Media
Kerala

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വൈകാതെയുണ്ടാകുമെന്ന് മേയർ; സുഗതനു വേണ്ടിയാണ് യോഗം മാറ്റിവെച്ചതെന്ന് എസ്.പി. ദീപക്

22 Jul 20261 views 3 min read
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വൈകാതെയുണ്ടാകുമെന്ന് മേയർ; സുഗതനു വേണ്ടിയാണ് യോഗം മാറ്റിവെച്ചതെന്ന് എസ്.പി. ദീപക്
Advertisement

തിരുവനന്തപുരം : കോർപ്പറേഷൻ കൗൺസിൽ യോഗം ഉടൻ തന്നെ ചേരുമെന്ന് മേയർ വി.വി. രാജേഷ് . കാപ്പ കേസിൽ തടവിൽ കഴിയുന്ന കൗൺസിലർ ആർ. സുഗതന്റെ വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലാണ്. വിഷയത്തിൽ കോടതി നൽകുന്ന നിർദ്ദേശമനുസരിച്ച് മുന്നോട്ടുപോകും. തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ കൗൺസിലർമാരും ജനങ്ങൾക്കിടയിൽ മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അഞ്ചു വർഷവും എല്ലാ പ്രതിനിധികളും നന്നായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, കഴിഞ്ഞ ഒരു മാസത്തിനിടെ കൗൺസിൽ യോഗം വിളിച്ചുചേർക്കാൻ സാധിക്കുമായിരുന്നിട്ടും അത് നീട്ടിവെച്ചത് ആർ. സുഗതന് വേണ്ടിയാണെന്ന് കോർപ്പറേഷനിലെ സിപിഐഎം കക്ഷിനേതാവ് എസ്.പി. ദീപക് ആരോപിച്ചു. അവിശ്വാസപ്രമേയ വിഷയം അവസാനിച്ചിട്ടില്ലെന്നും ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നിയമവിരുദ്ധമായ കാര്യങ്ങളുമായി മുന്നോട്ടുപോയാൽ കർശന നിലപാടുകൾ സ്വീകരിക്കാൻ സിപിഐഎം ബാധ്യസ്ഥരാണെന്നും ദീപക് വ്യക്തമാക്കി.

ക്ഷേത്ര ഉത്സവത്തിനിടെ നടന്ന സംഘർഷത്തിൽ വധശ്രമക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടർന്ന്, ജൂൺ ഒൻപതിന് രാത്രിയിലാണ് ആർ. സുഗതനെ വീട്ടുപറമ്പിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് കാപ്പ ചുമത്തിയതോടെ ഇയാളെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി. കൗൺസിലറുടെ അറസ്റ്റും കേസും ബിജെപിക്ക് പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെ, ഇഷ്ടദേവതകളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനെതിരെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പുനഃപ്രതിജ്ഞയ്ക്കായി ഒരു ദിവസത്തെ സാവകാശം ലഭിച്ചെങ്കിലും കാപ്പ കേസ് നിലനിൽക്കുന്നതിനാൽ സുഗതന് പുറത്തിറങ്ങാനായില്ല. തുടർന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ വെച്ചാണ് ആർ. സുഗതൻ പുനഃസത്യപ്രതിജ്ഞ ചെയ്തത്.

Tags:#thiruvanathapuram#r sugathan#vv rajesh
Advertisement

Comments

Add a Comment

Our Channels