ആലപ്പുഴ: ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി വി.എ. അരുൺ കുമാർ രംഗത്ത്. ഒരു പത്രം പ്രസിദ്ധീകരിക്കുന്നതിലും ഒഴിവാക്കുന്നതിലും അതിന്റേതായ രാഷ്ട്രീയ കാരണങ്ങളുണ്ടാകാമെന്നും, അത്തരം രാഷ്ട്രീയ തീരുമാനങ്ങളിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസിനെക്കുറിച്ചുള്ള നല്ല കാര്യങ്ങൾ അനുയോജ്യമായ സമയത്ത് പുറത്തുവരണമെന്നാണ് കുടുംബാംഗങ്ങളും അദ്ദേഹത്തെ സ്നേഹിക്കുന്ന എല്ലാവരും ആഗ്രഹിക്കുന്നതെന്നും റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേർത്തു. വാരാന്തപ്പതിപ്പിന്റെ വിഷയത്തിൽ തനിക്ക് പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നുമില്ലെന്നും അരുൺ കുമാർ പറഞ്ഞു.
ഇന്ന് ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രതികരണം. പതിവായി ഞായറാഴ്ചകളിൽ പത്രത്തിനൊപ്പം വിതരണം ചെയ്യാറുള്ള വാരാന്തപ്പതിപ്പ് ഇന്ന് രാവിലെയാണ് ലഭ്യമാക്കിയത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികവുമായി ബന്ധപ്പെട്ട ഓർമ്മക്കുറിപ്പുകൾ ഉൾപ്പെട്ട വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ വൈകിയതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതിൽ 'കള്ളൻ വിജയൻ' എന്ന തലക്കെട്ടിലുള്ള ഒരു ഫീച്ചർ ഉൾപ്പെട്ടതിനാലാണ് പതിപ്പ് പിൻവലിച്ചതെന്ന തരത്തിൽ അനൗദ്യോഗിക വിശദീകരണങ്ങളും പുറത്തുവന്നിരുന്നു.





