കൊച്ചി: ഗവൺമെൻ്റ് പ്ലീഡർ തസ്തികയിലേക്ക് അഭിഭാഷകയായ ജിയോണ ജെയിംസിൻ്റെ പേര് ശുപാർശ ചെയ്തിരുന്നതായി ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി. തനിക്ക് അവരെ നേരത്തെ അറിയാമെന്നും, ഒരു പാർലമെൻ്റ് അംഗം എന്ന നിലയിൽ അവരുടെ യോഗ്യത പരിഗണിച്ചാണ് ഈ ശുപാർശയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2022 മുതൽ ജിയോണ ലോയേഴ്സ് കോൺഗ്രസിൻ്റെ ഭാഗമാണ്. പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് അവർ സംഘടനയിലുണ്ട് എന്നതാണ് താൻ പ്രധാന യോഗ്യതയായി കണ്ടത്. ഒരാൾ എപ്പോഴാണ് കോൺഗ്രസിലേക്ക് വന്നത് എന്നത് ഇവിടെ വിഷയമല്ല. സന്ദീപ് വാര്യർ കോൺഗ്രസിലെത്തിയപ്പോൾ ആർക്കെങ്കിലും എതിർപ്പുണ്ടായിരുന്നോ എന്ന് ചോദിച്ച അദ്ദേഹം, യു.ഡി.എഫിനൊപ്പം നിൽക്കുന്ന ആരെയും പാർട്ടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
തൻ്റെ പേര് കെ. ബാബു പരാമർശിച്ചതിൽ വിവാദത്തിൻ്റെ ആവശ്യമില്ലെന്നും ഇതിൽ ഒളിച്ചുവെക്കാൻ ഒന്നുമില്ലെന്നും ഡീൻ വ്യക്തമാക്കി. ബാബുവുമായി താൻ സംസാരിച്ചിരുന്നെന്നും അദ്ദേഹത്തിന് തൻ്റെ പേരും പറയാമായിരുന്നുവെന്നും ഡീൻ പ്രതികരിച്ചു. പരീക്ഷ വഴിയല്ല, മറിച്ച് ശുപാർശയിലൂടെയാണ് ഇത്തരം നിയമനങ്ങൾ നടക്കുന്നത്. നൂറു ശതമാനം ബോധ്യത്തോടെയാണ് തനിക്കറിയാവുന്ന ഈ അഭിഭാഷകയെ ശുപാർശ ചെയ്തത്. ഈ സ്ഥാനത്തിന് അവർ തികച്ചും അർഹയാണെന്ന് മനസ്സിലാക്കിയാണ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയതെന്നും എം.പി വിശദീകരിച്ചു.
നിയമനവിവാദത്തിൽ വി.ഡി സതീശനെ വിമർശിച്ച് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ രംഗത്തുവന്ന വിഷയത്തിലും അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കി. അലോഷ്യസിൻ്റേത് അജണ്ടയാണോ എന്ന ചോദ്യത്തിന്, അജണ്ടയാക്കാൻ താല്പര്യമുള്ളവർ അങ്ങനെ ചെയ്തോട്ടെ എന്നായിരുന്നു എം.പിയുടെ മറുപടി. താനായിരുന്നു ആ സ്ഥാനത്തെങ്കിൽ ഒരിക്കലും ഇത്തരത്തിലാകില്ല പ്രതികരിക്കുകയെന്നും അലോഷ്യസ് സേവ്യർ ഈ രീതിയിലല്ല പ്രതികരിക്കേണ്ടിയിരുന്നതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.





