കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ കേസിലെ പ്രധാന പ്രതിയായ ഡോ. റാം അറസ്റ്റിലായി. സംഭവം നടന്ന് മൂന്ന് മാസങ്ങൾക്ക് ശേഷം കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് ഇയാളെ പിടികൂടിയത്. അറസ്റ്റിലായ ഡോ. റാമിനെ പോലീസ് കണ്ണൂരിലെത്തിച്ചിട്ടുണ്ട്.
കേസിലെ മുഖ്യപ്രതിയായ ഡോ. റാം നൽകിയ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയത്. ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ പ്രതി ഒളിവിൽ കഴിയുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടെ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അന്വേഷണം. ഇതിനിടെ ബെംഗളൂരുവിൽ ബന്ധുക്കൾ താമസിക്കുന്ന ഫ്ലാറ്റിലേക്ക് ഇയാൾ എത്തിയെന്ന സൂചന ലഭിച്ചതിനെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം അവിടെയും പരിശോധന നടത്തി. തുടർന്നാണ് പ്രതി കുടകിലുണ്ടെന്ന വിവരം ലഭിക്കുകയും അവിടെവെച്ച് അന്വേഷണസംഘം ഇയാളെ വലയിലാക്കുകയും ചെയ്തത്.
ആന്ധ്രയിലെ ചിറ്റൂരിലും ഗുണ്ടൂരിലുമായാണ് ഡോ. റാം പ്രധാനമായും ഒളിവിൽ കഴിഞ്ഞിരുന്നത്. ആന്ധ്രയിലെ ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവായ അടുത്ത ബന്ധുവിന്റെ സഹായവും സംരക്ഷണവുമാണ് പ്രതിക്ക് ഒളിവിൽ കഴിയാൻ സഹായകമായതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കഴിഞ്ഞ ഏപ്രിൽ പത്തിനാണ് അഞ്ചരക്കണ്ടി ദന്തൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി വിദ്യാർത്ഥിയായ നിതിൻ രാജ് ആത്മഹത്യ ചെയ്തത്.





