Malayali Media
Kerala

മുഖ്യമന്ത്രിയെ കാണാൻ സമയമില്ല; കൂടിക്കാഴ്ച ഉപേക്ഷിച്ച് എ.ഡി. തോമസും അജയ് ജുവൽ കുര്യാക്കോസും

17 Jul 20264 views 3 min read
മുഖ്യമന്ത്രിയെ കാണാൻ സമയമില്ല; കൂടിക്കാഴ്ച ഉപേക്ഷിച്ച് എ.ഡി. തോമസും അജയ് ജുവൽ കുര്യാക്കോസും
Advertisement

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്നും സമയം അനുവദിക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ എ.ഡി. തോമസ് എം.എൽ.എയും അജയ് ജുവൽ കുര്യാക്കോസും മടങ്ങി. ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച കേസിൽ എ.ഡി.ജി.പി അജിത്കുമാറിനെതിരായ നടപടി വൈകുന്നതിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്.

ഇന്നലെ ഇരുവരും തിരുവനന്തപുരത്ത് എത്തിയിരുന്നെങ്കിലും മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നില്ല. തുടർന്ന് ഇന്ന് അദ്ദേഹം എറണാകുളത്ത് എത്തുമ്പോൾ കാണാമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും ഇന്ന് എറണാകുളത്തേക്ക് തിരിക്കാൻ തയ്യാറെടുത്തെങ്കിലും, ഉച്ചവരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് യാതൊരു അറിയിപ്പും ലഭിച്ചില്ല. പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ ഇന്ന് സമയമില്ലെന്നും കൂടിക്കാഴ്ച മറ്റൊരു ദിവസത്തേക്ക് മാറ്റാമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരും കൂടിക്കാഴ്ചയ്ക്കുള്ള ശ്രമം ഉപേക്ഷിച്ചത്.

എ.ഡി. തോമസ് കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് ഗൺമാൻമാരുടെ മർദ്ദനത്തിനിരയാകുന്നത്. ഈ വിഷയത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചത് യു.ഡി.എഫ് സർക്കാരിന്റെ ആദ്യ തീരുമാനങ്ങളിലൊന്നായിരുന്നു. എസ്.ഐ.ടി അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സർക്കാർ വൈകുന്നതിൽ ഇരുവർക്കും കടുത്ത അതൃപ്തിയുണ്ട്. മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്കെതിരായ നടപടികളിൽ വലിയ പ്രതീക്ഷയായിരുന്നു ഇവർക്കുണ്ടായിരുന്നത്.

Advertisement

Comments

Add a Comment

Our Channels