ന്യൂഡൽഹി: മധുരൈ തിരുപ്പരങ്കുണ്ട്രം തർക്കത്തിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെ മുരുകനെ സ്തുതിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച സമൂഹമാധ്യമമായ എക്‌സിൽ തമിഴ് ഭക്തിവാക്യമായ 'വെട്രിവേൽ മുരുകനക്ക് അരോകരാ' എന്ന് മൂന്ന് തവണ ആവർത്തിച്ചാണ് മോദി കുറിപ്പ് പങ്കുവെച്ചത്.
കുറിപ്പിനൊപ്പം ഇതിന്റെ ഹിന്ദി, ഇംഗ്ലീഷ് പരിഭാഷകളും പ്രധാനമന്ത്രി പങ്കുവെച്ചിട്ടുണ്ടെങ്കിലും, കോടതി ഉത്തരവിനെക്കുറിച്ചോ ദീപം തെളിയിക്കാനുള്ള തർക്കത്തെക്കുറിച്ചോ അദ്ദേഹം നേരിട്ട് പരാമർശിച്ചിട്ടില്ല.
അതേസമയം, ദീപത്തൂണിൽ ദീപം തെളിയിക്കാത്തതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ചീഫ് സെക്രട്ടറി, ഡി.ജി.പി എന്നിവരുൾപ്പെടെ 13 ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. നവംബർ 20-ലെ ഉത്തരവ് മനഃപൂർവം ലംഘിച്ചതായാണ് കോടതിയുടെ നിരീക്ഷണം; ഉദ്യോഗസ്ഥർ രാഷ്ട്രീയ നിർദേശപ്രകാരമാണോ പ്രവർത്തിച്ചതെന്ന് പരിശോധിക്കുന്നതിനായി ഫോൺ രേഖകളും ഔദ്യോഗിക ആശയവിനിമയ വിവരങ്ങളും ഹാജരാക്കാനും കോടതി നിർദേശിച്ചു.
കൂടാതെ, അരുൾമിഗു സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ട്രസ്റ്റി ബോർഡ് സസ്‌പെൻഡ് ചെയ്ത സുപ്രീംകോടതി, ക്ഷേത്രത്തിന്റെ ഭരണച്ചുമതല രണ്ട് ഹൈക്കോടതി ജഡ്ജിമാർക്ക് കൈമാറുകയും ചെയ്തു.





