കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിമത വിഭാഗം നേതാവ് ഋതബ്രത ബാനർജിയെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി നിയമിച്ച ഉത്തരവ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കി. നിയമസഭാ സ്പീക്കറുടെ തീരുമാനം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് കൃഷ്ണ റാവു അധ്യക്ഷനായ സിംഗിൾ ബെഞ്ച്, പ്രതിപക്ഷ നേതാവിന്റെ നിയമനം പുനഃപരിശോധിക്കാൻ സ്പീക്കർക്ക് നിർദേശം നൽകി.
മമത ബാനർജി വിഭാഗം നൽകിയ ഹർജിയിലാണ് കോടതിയുടെ ഈ നിർണായക നടപടി. ഋതബ്രത ബാനർജിക്കൊപ്പം അഖ്റുസ്സമാനെ പ്രതിപക്ഷ ചീഫ് വിപ്പായി നിയമിച്ച തീരുമാനവും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് വിമത വിഭാഗം നേതാക്കളായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായും അഖ്റുസ്സമാനെ ചീഫ് വിപ്പായും സ്പീക്കർ രതീന്ദ്ര ബോസ് നിയമിച്ചത്. ഇതിനെ ചോദ്യം ചെയ്ത് മമത ബാനർജിയും അഭിഷേക് ബാനർജിയും നയിക്കുന്ന വിഭാഗത്തിലെ മുതിർന്ന നേതാവും എം.എൽ.എയുമായ സോവന്ദേബ് ചട്ടോപാധ്യായ കോടതിയെ സമീപിക്കുകയായിരുന്നു.
നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇരുവരെയും രണ്ട് മാസത്തേക്ക് പദവികളിൽ തുടരാൻ അനുവദിച്ചിരുന്നു. ഈ കാലാവധി അവസാനിച്ചതിന് പിന്നാലെ സോവന്ദേബ് ചട്ടോപാധ്യായ വീണ്ടും ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് നിയമനങ്ങൾ റദ്ദാക്കിക്കൊണ്ടുള്ള വിധിയുണ്ടായത്.





