മുംബൈ: ടാറ്റ സൺസിന്റെ നിർണായക ബോർഡ് യോഗം സ്റ്റേ ചെയ്യുകയോ മാറ്റിവയ്ക്കുകയോ ചെയ്യണമെന്ന ടാറ്റ ട്രസ്റ്റിന്റെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഇതോടെ മുൻനിശ്ചയപ്രകാരം നവംബർ 30-ന് ബോർഡ് യോഗം നടക്കുമെങ്കിലും, യോഗത്തിലെടുക്കുന്ന തീരുമാനങ്ങൾ ഹർജിയിലെ അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയ കോടതി കേസിൽ അടുത്ത വാദം 2027 ജനുവരി 21-ലേക്ക് മാറ്റി.
നവംബർ 30-ലെ യോഗം മാറ്റിവച്ചാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർ.ബി.ഐ) നിർദേശം പാലിക്കുന്നതിൽ പ്രതിസന്ധിയുണ്ടാകുമെന്ന് ടാറ്റ സൺസ് കോടതിയെ അറിയിച്ചു. ഡിസംബർ 10-നകം ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനുള്ള പദ്ധതി സമർപ്പിക്കണമെന്നാണ് ആർ.ബി.ഐ നിർദേശമെന്നും, യോഗം മാറ്റിവച്ചാൽ ഈ സമയപരിധിക്കുള്ളിൽ നടപടി പൂർത്തിയാക്കി 2027-ൽ ലിസ്റ്റിങ് നടത്താനാകില്ലെന്നും ടാറ്റ സൺസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ വാദിച്ചു.
2027 ഫെബ്രുവരി 21 മുതൽ അഞ്ച് വർഷത്തേക്ക് കൂടി എൻ. ചന്ദ്രശേഖരനെ എക്സിക്യൂട്ടീവ് ചെയർമാനായി നിയമിക്കാനുള്ള സെപ്റ്റംബർ 17-ലെ ബോർഡ് തീരുമാനമാണ് നിയമപോരാട്ടത്തിന് കാരണമായത്. കമ്പനിയുടെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ വ്യവസ്ഥകൾ ലംഘിച്ചാണ് തീരുമാനമെടുത്തതെന്ന് ആരോപിച്ചാണ് ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള ടാറ്റ ട്രസ്റ്റ് കോടതിയെ സമീപിച്ചതും 65 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടതും.
ബോർഡിൽ നടന്ന വോട്ടെടുപ്പിൽ എൻ. ചന്ദ്രശേഖരൻ വിട്ടുനിന്നപ്പോൾ നാലുപേർ പ്രമേയത്തെ അനുകൂലിക്കുകയും ഒരാൾ എതിർക്കുകയും ചെയ്തു. ടാറ്റ ട്രസ്റ്റ് നാമനിർദേശം ചെയ്ത ഡയറക്ടർമാരിൽ നോയൽ ടാറ്റ തീരുമാനത്തെ എതിർക്കുകയും വേണു ശ്രീനിവാസൻ അനുകൂലിക്കുകയും ചെയ്തപ്പോൾ, ഹരീഷ് മൻവാനിയുടെ കാസ്റ്റിങ് വോട്ട് ഉപയോഗിച്ചാണ് പ്രമേയം പാസാക്കിയതെന്നും ഇത്തരമൊരു തീരുമാനത്തിന് ട്രസ്റ്റ് ഡയറക്ടർമാരിൽ ഭൂരിപക്ഷത്തിന്റെ അംഗീകാരം വേണമെന്നുമാണ് ടാറ്റ ട്രസ്റ്റിന്റെ വാദം.





