ചെന്നൈ: സംസ്ഥാന സർക്കാർ ജീവനക്കാരായ പുരുഷന്മാർക്ക് ഭാര്യയുടെ പ്രസവത്തോടനുബന്ധിച്ച് 15 ദിവസത്തെ അവധി ആനുകൂല്യം തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാരുടെ ദീർഘകാല ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ടി.വി.കെ സർക്കാരിന്റെ ഈ തീരുമാനം; വനിതാ ജീവനക്കാർക്ക് നിലവിൽ 365 ദിവസത്തെ പ്രസവാവധി അനുവദിച്ചിട്ടുണ്ട്.
പ്രസവസമയം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പ്രധാനമാണെന്നും, ഈ കാലയളവിൽ അമ്മയ്ക്ക് പിന്തുണ നൽകുന്നതിനൊപ്പം കുഞ്ഞിന്റെ സംരക്ഷണത്തിലും പിതാവിന്റെ പങ്കാളിത്തം അനിവാര്യമാണെന്നും സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി. കുഞ്ഞ് ജനിക്കുന്നതിന് 15 ദിവസം മുമ്പോ അല്ലെങ്കിൽ കുഞ്ഞ് ജനിച്ച് ആറ് മാസത്തിനകമോ ജീവനക്കാർക്ക് ഈ അവധി പ്രയോജനപ്പെടുത്താവുന്നതാണ്.
നേരത്തെ, നവജാത ശിശുക്കൾക്ക് സൗജന്യമായി സ്വർണമോതിരം നൽകുന്ന 'തായ്മാമൻ തങ്ക മോതിരം തിട്ടം' പദ്ധതിക്കും തമിഴ്‌നാട്ടിൽ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.തമിഴ്‌നാട്ടിൽ സ്ഥിരതാമസമുള്ള അമ്മമാർക്ക് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് മോതിരം ലഭിക്കുക.പ്രെഗ്‌നൻസി ആൻഡ് ഇൻഫാന്റ് കോഹോർട്ട് മോണിറ്ററിങ് ആൻഡ് ഇവാല്യുവേഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിരിക്കുകയും റീപ്രൊഡക്ടീവ് ചൈൽഡ് ഹെൽത്ത് (RCH) ഐഡി കാർഡ് ഉണ്ടായിരിക്കുകയും വേണം.ജൂൺ 22 മുതൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക; പ്രതിദിനം 100 കുട്ടികൾക്ക് വീതം മോതിരം നൽകാനാണ് പദ്ധതി ലക്ഷ്യമിടുന്നത്, ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിപ്പോയ അമ്മയ്ക്കും കുഞ്ഞിനും മോതിരം എത്തിക്കാൻ പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.





