ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബർധമാനിൽ കർഷക പ്രതിഷേധത്തിന് നേരെ ബി.ജെ.പി പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ അഖിലേന്ത്യാ കിസാൻസഭ വൈസ് പ്രസിഡന്റും സംയുക്ത കിസാൻ മോർച്ച സംസ്ഥാന കൺവീനറുമായ അമൽ ഹാൽദറിന് തലയ്ക്ക് പരിക്കേറ്റു. കസേരകൊണ്ടുള്ള അടിയേറ്റാണ് ഹാൽദറിന് പരിക്കേറ്റത്; സംഭവത്തിൽ മറ്റ് ഇരുപതോളം പേർക്കും പരിക്കേറ്റിട്ടുണ്ട്.
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ (എസ്.കെ.എം) നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം. താൻ പ്രസംഗിച്ചുകൊണ്ടിരിക്കെ പൊലീസിന്റെ സാന്നിധ്യത്തിൽ ബി.ജെ.പി പ്രവർത്തകർ പ്രകോപിതരായി ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് അമൽ ഹാൽദർ വ്യക്തമാക്കി; പരിക്കേറ്റ ഹാൽദറിനെയും മറ്റ് പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, ആക്രമണത്തെ ശക്തമായി അപലപിച്ച് സി.പി.ഐ.എം രംഗത്തെത്തി. കർഷകരുടെ അവകാശങ്ങൾക്കും ഉപജീവനത്തിനുമായി ശബ്ദമുയർത്തുന്നവരെ ഭയപ്പെടുത്താനും ജനാധിപത്യ പ്രക്ഷോഭങ്ങളെ തടസ്സപ്പെടുത്താനുമുള്ള ശ്രമമാണിതെന്നും, ബി.ജെ.പി അക്രമരാഷ്ട്രീയം അഴിച്ചുവിട്ടപ്പോൾ പൊലീസ് പക്ഷപാതപരമായി പെരുമാറിയെന്നും സി.പി.ഐ.എം ആരോപിച്ചു.





