ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന് 121 കിലോഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വഴിപാടായി സമർപ്പിച്ച് ചെന്നൈ സ്വദേശിയും ആക്സസ് ഹെൽത്ത്‌കെയർ വൈസ് ചെയർമാനുമായ വർധമാൻ ജെയിൻ. പണിക്കൂലി ഉൾപ്പെടെ ഏകദേശം 207 കോടി രൂപ മൂല്യമുള്ള ഈ ആഭരണങ്ങൾ സമർപ്പിക്കുന്ന ചടങ്ങിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഭാര്യയും പങ്കെടുത്തു.
24 കാരറ്റ് സ്വർണ്ണത്തിൽ പുതുതായി നിർമ്മിച്ച 45-ഓളം (33 തരത്തിലുള്ള 46) ആഭരണങ്ങളാണ് അദ്ദേഹം സമർപ്പിച്ചത്. കിരീടം, കൈത്തണ്ടകൾ, തോളാഭരണങ്ങൾ, അരക്കെട്ട്, കാൽപ്പാദങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു; ദൈവകല്പന എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് വർധമാൻ ജെയിൻ ഈ വഴിപാട് നൽകിയത്.
കഴിഞ്ഞ മെയ് മാസത്തിൽ തിരുമല ക്ഷേത്രത്തിന് വർധമാൻ ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആക്സസ് ഹെൽത്ത്‌കെയറിലെ 70 ശതമാനം ഓഹരികൾ ഒരു അമേരിക്കൻ കമ്പനിക്ക് ഏകദേശം രണ്ട് ബില്യൺ ഡോളറിന് വിൽപന നടത്തിയ അദ്ദേഹം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്ക് നൈപുണ്യ വികസന അവസരങ്ങൾ ഒരുക്കുന്നതിനായി 'ആവിഷ്‌കാർ' എന്ന സംരംഭത്തിന് തുടക്കം കുറിക്കുകയും കാഞ്ചി കാമകോടി ചൈൽഡ്സ് ട്രസ്റ്റ് ആശുപത്രിയുടെ മാനേജിങ് ട്രസ്റ്റിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.
രാജ്യത്തെ ഏറ്റവും കൂടുതൽ തീർത്ഥാടകരെത്തുന്ന ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും വർഷം മുഴുവൻ ലക്ഷക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്.





