ഡൽഹി: മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്ന 'ശീഷ് മഹൽ' ടിക്കറ്റ് ഏർപ്പെടുത്തി പൊതുജനങ്ങൾക്ക് സന്ദർശനത്തിനായി തുറന്നുകൊടുക്കാൻ ഡൽഹിയിലെ ബി.ജെ.പി സർക്കാർ തീരുമാനിച്ചു. വസതിയിൽ 58 കോടിയിലധികം രൂപയുടെ അനാവശ്യ മോടിപിടിപ്പിക്കലുകൾ നടന്നതായി വെളിപ്പെടുത്തിയ സർക്കാർ, ഇന്ന് വസതി മാധ്യമങ്ങൾക്കായി തുറന്നുകൊടുത്തു; ആഡംബര ജീവിതം താല്പര്യമില്ലെന്ന കെജ്‌രിവാളിന്റെ കാപട്യം പൊതുജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെന്ന് ബി.ജെ.പി സർക്കാർ വ്യക്തമാക്കി.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കുന്നതാണ് ഈ വെളിപ്പെടുത്തലുകൾ. വസതിയിലെ ഓരോ വസ്തുക്കൾക്കും ചെലവഴിച്ച തുക രേഖപ്പെടുത്തിയ ബോർഡുകൾ സർക്കാർ അതാതിടങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. അത്യാഡംബര ലൈറ്റുകൾ, കസേരകൾ, ടേബിളുകൾ, കിടക്കകൾ എന്നിവയ്‌ക്കൊപ്പം ലക്ഷങ്ങൾ ചെലവഴിച്ച് മോടിപിടിപ്പിച്ച ഡൈനിങ് ഏരിയ, ബെഡ്‌റൂമുകൾ, അടുക്കള, അതിഥികളെ സൽക്കരിക്കാനുള്ള ഇടം എന്നിവയാണ് വസതിയിലുള്ളത്.വസതിയുടെ ഒന്നാം നിലയിലാണ് ഏറ്റവും കൂടുതൽ തുക ചെലവഴിച്ചിരിക്കുന്നത്; ഒന്നാം നിലയിലേക്ക് പോകാൻ ലിഫ്റ്റ് സംവിധാനവും ഭക്ഷണം എത്തിക്കാൻ പ്രത്യേക എലവേറ്ററും സജ്ജീകരിച്ചിട്ടുണ്ട്.
കെജ്‌രിവാളിന്റെ മകൻ താമസിച്ചിരുന്ന ബെഡ്‌റൂം മോടിപിടിപ്പിക്കുന്നതിന് മാത്രം കോടികൾ ചെലവായപ്പോൾ, ബാത്‌റൂം നവീകരിക്കുന്നതിന് അഞ്ച് ലക്ഷത്തിലധികം രൂപയാണ് ചെലവഴിച്ചത്.





