റായ്പൂർ: മതപരിവർത്തനം ആരോപിച്ച് ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളും സംഘർഷങ്ങളും പെരുകിയതോടെ ഛത്തീസ്ഗഡിലെ ക്രൈസ്തവ ദേവാലയങ്ങൾക്ക് മുൻപിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് സഭാ നേതൃത്വം. ക്രൈസ്തവ വിശ്വാസികൾ അല്ലാത്തവർ സ്വന്തം പൂർണ്ണ ഉത്തരവാദിത്തത്തിൽ മാത്രമേ അകത്ത് പ്രവേശിക്കാവൂ എന്നാണ് ബോർഡുകളിലെ പ്രധാന നിർദ്ദേശം. പള്ളി അധികൃതർ നേരിട്ടാണ് ഈ അറിയിപ്പുകൾ പതിച്ചിരിക്കുന്നത്. ഛത്തീസ്ഗഡിലെ ധംതരി ജില്ലയിലുള്ള പത്തോളം ക്രിസ്ത്യൻ പള്ളികളുടെ മുന്നിലാണ് ഇത്തരം ബോർഡുകൾ ഉയർന്നിട്ടുള്ളത്.
116 വർഷത്തെ പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സുന്ദർഗഞ്ച് മെനോനൈറ്റ് ദേവാലയത്തിന് മുൻപിൽ സ്ഥാപിച്ച ബോർഡിൽ, "സഭയുടെ ഭരണഘടനാ ചട്ടങ്ങൾക്ക് വിധേയമായി പ്രാർത്ഥനകൾക്കായി പള്ളിക്കുള്ളിൽ പ്രവേശിക്കാൻ ക്രൈസ്തവർക്ക് മാത്രമാണ് അനുമതിയുള്ളത്. സ്വമേധയാ കടന്നുവരുന്ന മറ്റ് മതസ്ഥർ സ്വന്തം ഉത്തരവാദിത്തത്തിൽ പ്രവേശിക്കേണ്ടതാണ്" എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ രീതിയിൽ ജില്ലയിലെ നിരവധി ആരാധനാലയങ്ങൾക്ക് മുൻപിൽ മുന്നറിയിപ്പുകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു.
ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം, 2026 പ്രകാരമുള്ള നിയമക്കുരുക്കുകളിൽ നിന്നും അനാവശ്യ നടപടികളിൽ നിന്നും രക്ഷനേടാനുള്ള മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരു മതത്തിൽ നിന്ന് മറ്റൊരു വിശ്വാസത്തിലേക്ക് മാറാൻ താല്പര്യപ്പെടുന്ന വ്യക്തി ബന്ധപ്പെട്ട സർക്കാർ അധികാരികൾക്ക് മുൻപാകെ കൃത്യമായ സത്യവാങ്മൂലം സമർപ്പിക്കേണ്ടതുണ്ടെന്ന് ഈ നിയമത്തിലെ സുപ്രധാന വകുപ്പുകൾ വ്യവസ്ഥ ചെയ്യുന്നുണ്ട്.





