മുംബൈ: അതിസമ്പന്നനായ ഒരു ജനപ്രതിനിധി ഭിക്ഷക്കാരന്റെ വേഷത്തിൽ തെരുവിൽ കൈനീട്ടിയാൽ സാധാരണക്കാരും പോലീസും സുരക്ഷാ ഉദ്യോഗസ്ഥരുമെല്ലാം എങ്ങനെയാകും പ്രതികരിക്കുക? കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഘാട്കോപ്പർ തെരുവിൽ അരങ്ങേറിയത് അത്തരമൊരു കൗതുകകരമായ പരീക്ഷണമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും ആസ്തിയുള്ള നിയമസഭാംഗങ്ങളിൽ ഒരാളായ ബി.ജെ.പി എം.എൽ.എ പരാഗ് ഷായാണ് തിരിച്ചറിയാനാവാത്ത വിധം യാചകന്റെ വേഷം കെട്ടി തെരുവിലിറങ്ങിയത്. ഔദ്യോഗിക അംഗരക്ഷകരെയും ആഡംബര വാഹനങ്ങളെയും വിലപിടിപ്പുള്ള വസ്തുക്കളെയുമെല്ലാം മാറ്റിവെച്ച്, കീറിപ്പറിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് മണിക്കൂറുകളോളമാണ് അദ്ദേഹം പൊതുവഴികളിൽ കഴിഞ്ഞത്. ഘാട്കോപ്പർ ഈസ്റ്റ് എം.എൽ.എയായ പരാഗ് ഷായുടെ ഈ യാചനാരീതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
ബാഹ്യമായ സാമൂഹിക പദവികൾ തിരിച്ചറിയാൻ സാധിക്കാതെ വരുമ്പോൾ മനുഷ്യരുടെ പെരുമാറ്റത്തിൽ എന്ത് മാറ്റമാണുണ്ടാകുന്നത് എന്ന് നേരിട്ടറിയാൻ ജൈന ആത്മീയ ആചാര്യൻ നമ്രാമുനിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം ഈ സാമൂഹിക പരീക്ഷണത്തിന് മുതിർന്നത്. വ്യക്തികളുടെ സാമ്പത്തിക നിലയ്ക്കനുസരിച്ചാണ് പലപ്പോഴും പരിഗണന ലഭിക്കുന്നതെന്നും, അത് തന്നെയാണ് ജീവിതത്തിലെ പച്ചയായ യാഥാർത്ഥ്യമെന്നും പരാഗ് ഷാ വ്യക്തമാക്കി.
തെരുവിൽ കൈനീട്ടി നിന്ന വേളയിൽ മുംബൈയിലെ സാധാരണക്കാരായ മനുഷ്യരുടെ കാരുണ്യവും ഉദാരതയും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞതായി അദ്ദേഹം ഓർത്തെടുത്തു. ഒരാൾ ഇരുപത് രൂപ നൽകി ഭക്ഷണം വാങ്ങിക്കഴിക്കാൻ നിർദ്ദേശിച്ചപ്പോൾ, ഒരു സമോസ കച്ചവടക്കാരൻ പണം പോലും വാങ്ങാതെ ഭക്ഷണം നൽകി സഹായിച്ചു. കേവലം യാചനയിലൂടെ പണം സ്വീകരിക്കുക മാത്രമല്ല അദ്ദേഹം ചെയ്തത്; ലഭിച്ച ഭക്ഷണം തെരുവിൻ്റെ ഓരത്തിരുന്ന് കഴിക്കുകയും ഒരു ഭിക്ഷക്കാരന്റെ പൂർണ്ണമായ ജീവിതം അവിടെ അനുഭവിക്കുകയും ചെയ്തു. പിന്നീട് ഈ അനുഭവങ്ങൾ അദ്ദേഹം തന്റെ ഗുരുവിനോടും പൊതുജനങ്ങളോടും പങ്കുവെക്കുകയുണ്ടായി.
ഈ പരീക്ഷണത്തിന് ശേഷം വേഷപ്പകർച്ചയൊഴിവാക്കി തന്റെ യഥാർത്ഥ വ്യക്തിത്വത്തിൽ പരാഗ് ഷാ അതേ തെരുവുകളിലേക്ക് വീണ്ടും കടന്നുചെല്ലുകയും ആളുകളോട് സംസാരിക്കുകയും ചെയ്തു. അല്പം മുമ്പ് യാചകനായി നിന്നപ്പോൾ പെരുമാറിയതിൽ നിന്നും തികച്ചും വിഭിന്നമായ, ആദരവോടെയുള്ള പ്രതികരണമാണ് ആളുകളിൽ നിന്നുണ്ടായത്. ബാഹ്യരൂപത്തിന് അനുസൃതമായി മനുഷ്യരുടെ പ്രതികരണങ്ങളിൽ വരുന്ന ഇരട്ടത്താപ്പ് മനസ്സിലാക്കുക കൂടിയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്.
അതേസമയം, തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ അതിസമ്പന്നനായ രാഷ്ട്രീയക്കാരൻ എന്ന നിലയിൽ വലിയ മാധ്യമശ്രദ്ധ നേടിയ വ്യക്തിയാണ് പരാഗ് ഷാ. 2024-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ 3,383 കോടിയിലധികം രൂപയുടെ ആസ്തിയാണ് അദ്ദേഹം ഔദ്യോഗികമായി രേഖപ്പെടുത്തിയിരുന്നത്. റിയൽ എസ്റ്റേറ്റ് വ്യവസായ രംഗത്ത് സജീവമായ പരാഗ് ഷാ, ആ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും വലിയ കോടീശ്വരനായ സ്ഥാനാർത്ഥി കൂടിയായിരുന്നു.





