Malayali Media
India

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ; ഇരട്ട ആക്രമണങ്ങളിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

14 Sept 202672 views 3 min read
മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ; ഇരട്ട ആക്രമണങ്ങളിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു
Advertisement

ഇംഫാൽ: സംഘർഷഭരിതമായ മണിപ്പൂരിൽ വീണ്ടും ആയുധധാരികളുടെ ചോരക്കളി. തമെങ്ലോങ് ജില്ലയിലുണ്ടായ രണ്ട് വ്യത്യസ്ത അക്രമസംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവർ കുക്കി സമുദായത്തിൽപ്പെട്ടവരാണെന്നാണ് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. ആയുധങ്ങളുമായെത്തിയ അജ്ഞാത സംഘം വെടിയുതിർക്കുകയായിരുന്നു. സംഭവങ്ങൾ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അക്രമികൾക്കെതിരെ ഇതുവരെയും കാര്യക്ഷമമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

തമെങ്ലോങ് ജില്ലയിലെ ടോല്ലെൻ ഗ്രാമത്തിൽ അതിപുലർച്ചെയുണ്ടായ ആദ്യത്തെ വെടിവെപ്പിൽ സെനെ സിങ്സിറ്റ്, ഭാര്യ ലിങ്സംഗായി എന്നിവരാണ് കൊല്ലപ്പെട്ടത്. യുവതി സംഭവസ്ഥലത്തുതന്നെ ജീവനറ്റുവീണു; ഭർത്താവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ ആറ് വയസ്സുള്ള ആൺകുട്ടിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് കുക്കി-സോ സംഘടനകൾ അറിയിച്ചു; കുഞ്ഞിന്റെ ശരീരത്തിൽ ഇപ്പോഴും ഒരു വെടിയുണ്ട തറഞ്ഞിരിപ്പുണ്ടെന്നാണ് വിവരം. ഈ ക്രൂരത നടന്ന് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് രണ്ടാമത്തെ ആക്രമണം അരങ്ങേറിയത്. നോണി ജില്ലയിലെ ലോങ്പി ഗ്രാമത്തിൽ അരിയുമായി സഞ്ചരിക്കുകയായിരുന്ന മൂന്ന് പേർക്ക് നേരെ വെടിയുതിർത്തു. ഇതിൽ ജൂലി ഗാംഗ്‌ടെ, താംഗ്രോൽ ഗാംഗ്‌ടെ എന്നിവർ തലക്ഷണം മരിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ അക്രമികൾ തട്ടിക്കൊണ്ടുപോയതായും കുക്കി-സോ സംഘടനകൾ സംശയം പ്രകടിപ്പിക്കുന്നു.

നാഗാ വിമത വിഭാഗങ്ങളാണ് ഈ അക്രമങ്ങൾക്ക് പിന്നിലെന്നാണ് കുക്കി-സോ സംഘടനകളുടെ ആരോപണം. ആദ്യ സംഭവത്തെ കുക്കി ഇൻപി (ജിരിബാം, തമെങ്ലോങ്, നോണി ജില്ലകൾ) അഥവാ കുക്കി ഇൻപി ജെ.ടി.എൻ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് ഒരു കുടുംബത്തിന് നേരെ മാത്രമുള്ള ആക്രമണമല്ലെന്നും മനുഷ്യരാശിക്കാകെ അപമാനമാണെന്നും അവർ വ്യക്തമാക്കി. സുരക്ഷാ സൈന്യത്തിന്റെ ക്യാമ്പിൽ നിന്ന് കേവലം നൂറ് മീറ്റർ മാത്രം അകലെയാണ് അക്രമികൾ ഈ ക്രൂരകൃത്യം നടത്തിയതെന്നത് സുരക്ഷാ വീഴ്ചയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി.

അതേസമയം, നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലിം, സെലിയാങ്റോങ് യുണൈറ്റഡ് ഫ്രണ്ട് (കാംസൺ) എന്നീ വിമത സംഘങ്ങളാണ് രണ്ടാമത്തെ ആക്രമണത്തിന് പിന്നിലെന്ന് വെസ്റ്റേൺ വില്ലേജ് വോളന്റിയർ (ജിരിബാം, തമെങ്ലോങ്, നോണി) ആരോപിച്ചു. നിഷ്കളങ്കരായ ജനങ്ങൾക്ക് നേരെയുണ്ടായ ഈ ആക്രമണത്തിൽ പ്രതിഷേധിച്ച സംഘടന, കുറ്റക്കാരെ തിരിച്ചറിഞ്ഞ് 24 മണിക്കൂറിനകം നിയമത്തിന് മുന്നിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു. നീതി നടപ്പിലാക്കാൻ അധികൃതർ വൈകിയാൽ കുറ്റവാളികൾക്കെതിരെ തങ്ങളുടെ സർവ്വ ശക്തിയുമെടുത്ത് പ്രതികരിക്കാൻ നിർബന്ധിതരാകുമെന്നും അവർ മുന്നറിയിപ്പ് നൽകി.

എല്ലാവരും സംയമനം പാലിക്കണമെന്ന് മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് തുടർച്ചയായി അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും മണിപ്പൂരിൽ അക്രമങ്ങൾക്ക് ശമനമില്ല. അശാന്തി പടർന്ന സംസ്ഥാനത്ത് സമാധാനം കൊണ്ടുവരാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി, കഴിഞ്ഞ ഏതാനും മാസങ്ങളിലായി സിംഗ് വിവിധ ജില്ലകളിൽ സന്ദർശനം നടത്തുകയും കുക്കി-സോ, നാഗാ വിഭാഗങ്ങളുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ, നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (എൻ.ആർ.സി) പുതുക്കലുമായി ബന്ധപ്പെട്ട് സർക്കാർ കാര്യാലയങ്ങൾ അടച്ചിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരോട്, സാധാരണക്കാരുടെ ദുരിതം വർദ്ധിപ്പിക്കുന്ന സമരമാർഗ്ഗങ്ങളിൽ നിന്ന് പിന്മാറണമെന്ന് ഞായറാഴ്ച സംസ്ഥാന സർക്കാർ അഭ്യർത്ഥിക്കുകയും ചെയ്തു.

Tags:#MANIPUR VIOLENCE#INDIA
Advertisement

Related News

മഹാരാഷ്ട്ര പി.എസ്.സി ഉദ്യോഗാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി സി.ജെ.പി; അഭിജീത്ത് ദീപ്കെ പങ്കെടുത്തേക്കും

മഹാരാഷ്ട്ര പി.എസ്.സി ഉദ്യോഗാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി സി.ജെ.പി; അഭിജീത്ത് ദീപ്കെ പങ്കെടുത്തേക്കും

സർക്കാർ ഔദ്യോഗിക വേദിയിൽ 'വന്ദേമാതരം' പൂർണ്ണമായി പാടിയ ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്: അമിത് ഷാ

സർക്കാർ ഔദ്യോഗിക വേദിയിൽ 'വന്ദേമാതരം' പൂർണ്ണമായി പാടിയ ഒരേയൊരു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്: അമിത് ഷാ

'തമിഴ്‌നാട് ചരിത്രത്തിലെ ഏറ്റവും വലിയ ഡമ്മി മുഖ്യമന്ത്രി'; വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ

'തമിഴ്‌നാട് ചരിത്രത്തിലെ ഏറ്റവും വലിയ ഡമ്മി മുഖ്യമന്ത്രി'; വിജയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ബ്രിക്സ് ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര കരുത്ത് വ്യക്തമാക്കുന്നുവെന്ന് ശശി തരൂർ; എന്ത് നേട്ടമെന്ന് ചിദംബരം, കോൺഗ്രസിലെ ഭിന്നതയെ പരിഹസിച്ച് ബി.ജെ.പി

ബ്രിക്സ് ഉച്ചകോടി ഇന്ത്യയുടെ നയതന്ത്ര കരുത്ത് വ്യക്തമാക്കുന്നുവെന്ന് ശശി തരൂർ; എന്ത് നേട്ടമെന്ന് ചിദംബരം, കോൺഗ്രസിലെ ഭിന്നതയെ പരിഹസിച്ച് ബി.ജെ.പി

സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് നോട്ടീസയച്ചു; ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് സസ്പെൻഷൻ

സി.ജെ.പി പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർത്ഥിക്ക് നോട്ടീസയച്ചു; ഗ്രേറ്റർ നോയിഡ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് സസ്പെൻഷൻ

Comments

Add a Comment

Our Channels

മണിപ്പൂരിൽ വീണ്ടും ചോരപ്പുഴ; ഇരട്ട ആക്രമണങ്ങളിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു | Malayali Media