മുംബൈ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ വിവിധ പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഉദ്യോഗാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി). എം.പി.എസ്.സി സംഘടിപ്പിച്ച വിവിധ ഓൺലൈൻ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നതിനെതിരെ സംസ്ഥാനത്തുടനീളം വലിയ വിദ്യാർത്ഥി പ്രക്ഷോഭമാണ് അരങ്ങേറുന്നത്. അഭിജീത്ത് ദീപ്കെ ഉൾപ്പെടെയുള്ള സി.ജെ.പിയുടെ സ്ഥാപക നേതാക്കൾ സമരമുഖത്തേക്ക് എത്തുമെന്നാണ് ഞായറാഴ്ച അറിയിച്ചത്.
ഛത്രപതി സംഭാജിനഗറിലെ വാലുജ് ഏരിയയിലുള്ള വസതിയിലെത്തി ഉദ്യോഗാർത്ഥി പ്രതിനിധികൾ ദീപ്കെയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സി.ജെ.പി സമരത്തിൽ പങ്കാളികളാകുമെന്ന കാര്യം വ്യക്തമാക്കിയത്. എം.പി.എസ്.സി ചെയർമാനും സെക്രട്ടറിയും പദവികൾ രാജിവെക്കണമെന്ന ആവശ്യം മുൻനിർത്തിയുള്ള പ്രതിഷേധം ശക്തമാക്കുമെന്നും, സെപ്റ്റംബർ 24-നകം ഈ വിഷയം പരിഹരിച്ചില്ലെങ്കിൽ ഉദ്യോഗാർത്ഥികളുമായി ആശയവിനിമയം നടത്തുന്നതിനായി സംസ്ഥാനവ്യാപകമായി പര്യടനം സംഘടിപ്പിക്കുമെന്നും പാർട്ടി വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.
താനും തന്റെ പാർട്ടിയും ഈ നീതിക്കായുള്ള പോരാട്ടത്തിൽ പൂർണ്ണമായും ഉദ്യോഗാർത്ഥികൾക്കൊപ്പമാണെന്നും കമ്മീഷനിലെ ഉന്നതരുടെ രാജി ഉറപ്പാക്കുംവരെ ഒപ്പം നിൽക്കുമെന്നും വിദ്യാർത്ഥികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ ദീപ്കെ വ്യക്തമാക്കി. പരീക്ഷാ നടത്തിപ്പിലും നിയമനങ്ങളിലും പൂർണ്ണ സുതാര്യത പാലിക്കണമെന്നും, ചോദ്യപേപ്പർ ചോർച്ചയിലും ഉയർന്നുവന്ന ക്രമക്കേടുകളിലും കർശനമായ നടപടി വേണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികൾ പ്രതിഷേധ സമരം വ്യാപിപ്പിക്കുകയാണ്.





