ന്യൂഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷന്റെ വിഭജന നീക്കങ്ങളുടെ പശ്ചാത്തലത്തിൽ, കേരളത്തിൽ നിന്നുള്ള എം.പിമാരുടെ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് ജോൺ ബ്രിട്ടാസ് എം.പി കത്തയച്ചു. സംസ്ഥാനത്തിന്റെ പൊതുവായ റെയിൽവേ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പാർലമെന്റ് അംഗങ്ങളുമായി നേരിട്ട് ചർച്ച നടത്തണമെന്നാണ് കത്തിലെ പ്രധാന ആവശ്യം.
പാലക്കാട് ഡിവിഷന്റെ നിലനിൽപ്പും കേരളത്തിന്റെ സമഗ്ര റെയിൽ വികസനവുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സംസ്ഥാനത്തെ മുഴുവൻ എം.പിമാരുമായും കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യർത്ഥിച്ചു. പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ നീക്കങ്ങൾ കേരളത്തിലെ യാത്രാ സൗകര്യങ്ങളെയും കണക്റ്റിവിറ്റിയെയും അടിസ്ഥാന സൗകര്യ വികസനത്തെയും വളരെ ദോഷകരമായി ബാധിക്കും. അതിനാൽ റെയിൽവേ മന്ത്രാലയത്തിന്റെ അടിയന്തര ശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടായേ തീരൂവെന്ന് വ്യക്തമാക്കിയ ജോൺ ബ്രിട്ടാസ്, കേരളത്തിലെ മുഴുവൻ ജനപ്രതിനിധികളെയും ഉൾപ്പെടുത്തി എത്രയും പെട്ടെന്ന് യോഗം സംഘടിപ്പിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.
പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിക്കാൻ തീരുമാനമുണ്ടായെന്ന വാർത്തകൾക്ക് പിന്നാലെ വലിയ ആശങ്കയാണ് സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുള്ളത്. നിലവിലെ ഡിവിഷൻ പരിധിയിൽ നിന്ന് മംഗലാപുരത്തെ അടർത്തി മാറ്റുന്നത് പാലക്കാടിന് വൻ സാമ്പത്തിക തിരിച്ചടിയാകും. വരുമാനത്തിൽ ഏകദേശം 60 ശതമാനത്തോളം കുറവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. പ്രധാന വരുമാന സ്രോതസ്സായ മംഗലാപുരം നഷ്ടമാകുന്നതോടെ പാലക്കാട് ഡിവിഷന് പുതിയ ട്രെയിനുകൾ അനുവദിക്കപ്പെടാനുള്ള സാധ്യതകളും മങ്ങും.
വരുമാന സാധ്യതകളെ മാത്രം അടിസ്ഥാനമാക്കിയാണ് റെയിൽവേ പുതിയ സർവീസുകൾ നൽകുന്നത്. വരുമാനം കുത്തനെ ഇടിയുന്നത് കേന്ദ്ര ബജറ്റിലെ വിഹിതത്തിലും വലിയ കുറവുണ്ടാക്കുമെന്ന ഭയമുണ്ട്. പാതകളുടെ ദൈർഘ്യം, ട്രാക്കുകൾ, പ്രധാന സ്റ്റേഷനുകൾ, നേടുന്ന വരുമാനം എന്നിവ പരിഗണിച്ചാണ് സാധാരണയായി ബജറ്റ് ഫണ്ട് നിശ്ചയിക്കാറുള്ളത്. ഇതോടൊപ്പം അടിയന്തര ആവശ്യങ്ങൾക്കായി ട്രെയിൻ ടിക്കറ്റുകൾ അനുവദിക്കുന്ന എമർജൻസി ക്വാട്ട (ഇ.ക്യു) സംവിധാനവും പേരിന് മാത്രമായി മാറും. മംഗളൂരുവിൽ നിന്നാരംഭിക്കുന്ന ട്രെയിനുകളിലെ അടിയന്തര ക്വാട്ട ടിക്കറ്റുകൾ ലഭിക്കുന്നതിനായി ഇനി മൈസൂരു ഡിവിഷൻ ഓഫീസിനെ ആശ്രയിക്കേണ്ട സ്ഥിതിയും വന്നുചേരും.





