Malayali Media
India

ബെംഗളൂരു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പൂപ്പൽ ബാധിച്ച ഭക്ഷണവും കണ്ടെത്തി

08 Aug 20262 views 3 min read
ബെംഗളൂരു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പൂപ്പൽ ബാധിച്ച ഭക്ഷണവും കണ്ടെത്തി
Advertisement

ബെംഗളൂരു: നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയതും ഉപയോഗയോഗ്യമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ കണ്ടെത്തി. കാലാവധി കഴിഞ്ഞ പാൽ പാക്കറ്റുകൾ, അഴുകിയ പച്ചക്കറികൾ, പൂപ്പൽ ബാധിച്ച ഭക്ഷണസാധനങ്ങൾ എന്നിവയാണ് പ്രത്യേക പരിശോധനയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബെംഗളൂരുവിലെ നിരവധി ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കായി ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ച് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

ബൃഹത് ബെംഗളൂരു മഹാനഗര പാലികയുടെ പരിധിയിലെ എല്ലാ മേഖലകളിലും ഇന്നലെ പരിശോധന നടത്തിയതായി ഭക്ഷ്യസുരക്ഷാ വിഭാഗം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഹോട്ടൽ അടുക്കളകളിലെ ശുചിത്വക്കുറവ്, കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ സാന്നിധ്യം, ഫംഗസ് ബാധിച്ച പച്ചക്കറികൾ, ഭക്ഷ്യവസ്തുക്കൾ അശാസ്ത്രീയമായി സൂക്ഷിക്കുന്നത് തുടങ്ങിയ നിരവധി വീഴ്ചകൾ പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഒരു ജീവനക്കാരൻ ക്ഷമാപണം നടത്തുന്നതിനിടെ ഭക്ഷ്യവസ്തുക്കൾ ഉപേക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

ചില ഹോട്ടലുകളിൽ സസ്യാഹാരവും മാംസാഹാരവും വേർതിരിച്ച് സൂക്ഷിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. ഭക്ഷ്യവസ്തുക്കളുടെ തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതടക്കമുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർബന്ധിത ലേബലിംഗ് ചട്ടങ്ങളുടെ ലംഘനവും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് ഹോട്ടലുകൾക്ക് അധികൃതർ നോട്ടീസ് നൽകി. നിയമവ്യവസ്ഥകളും ലബോറട്ടറി പരിശോധനാ ഫലങ്ങളും പരിഗണിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ അറിയിച്ചു.

Advertisement

Comments

Add a Comment

Our Channels

ബെംഗളൂരു പഞ്ചനക്ഷത്ര ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളും പൂപ്പൽ ബാധിച്ച ഭക്ഷണവും കണ്ടെത്തി | Malayali Media