പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തിൽ മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഖേദം പ്രകടിപ്പിച്ചതിനെ സ്വാഗതം ചെയ്ത് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. സക്കർബർഗിന്റെ മാപ്പപേക്ഷ ഭാരതത്തിലെ നിയമങ്ങളുടെയും ഭരണഘടനയുടെയും പാർലമെന്റിന്റെയും വിജയമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
പാർലമെന്റ് മന്ദിരത്തിന് പുറത്ത് സംസാരിക്കവെയാണ് ദുബെ ഇക്കാര്യം വ്യക്തമാക്കിയത്. "ഇത് ഇന്ത്യയുടെ നിയമസംവിധാനത്തിന്റെയും ഭരണഘടനയുടെയും പാർലമെന്റിന്റെയും വലിയ വിജയമാണ്. 140 കോടി ജനങ്ങളെ നയിക്കുന്ന പ്രധാനമന്ത്രിയുടെ കരുത്താണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. ഇന്ത്യയിൽ ബിസിനസ് നടത്താൻ ആഗ്രഹിക്കുന്ന ഏതൊരാളും രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ് ഇത് തെളിയിക്കുന്നത്," എന്ന് നിഷികാന്ത് ദുബെ പറഞ്ഞു.





