വിദേശ സംഭാവന നിയന്ത്രണ ഭേദഗതി (FCRA) ബില്ലിലെ തർക്കവിഷയങ്ങളിൽ ഇളവുകൾ നൽകാൻ കേന്ദ്ര സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചു. ലൈസൻസ് നഷ്ടമാകുന്ന സ്ഥാപനങ്ങളുടെ വകകൾ കണ്ടുകെട്ടുമെന്ന വിവാദ വ്യവസ്ഥയിൽ നിന്ന് മുൻകാല പ്രാബല്യം പിൻവലിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം.
ഈ തീരുമാനം സംബന്ധിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷത്തെ ധരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്രമന്ത്രി കിരൺ റിജിജു, രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. നടപ്പു പാർലമെന്റ് സമ്മേളനത്തിൽ തന്നെ ബിൽ സഭയിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ തീരുമാനം. ഇന്നലെ നടന്ന രാഹുൽ ഗാന്ധി - കിരൺ റിജിജു ചർച്ചയിൽ ഈ വിഷയം പ്രധാനമായും ഉയർന്നുവന്നു.





