Malayali Media
India

യു.പി നിയമസഭാ തിരഞ്ഞെടുപ്പ്: അയോധ്യയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്

രാമക്ഷേത്ര അഴിമതി തെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് സൂചന

06 Aug 20262 views 3 min read
യു.പി നിയമസഭാ തിരഞ്ഞെടുപ്പ്: അയോധ്യയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അഖിലേഷ് യാദവ്
Advertisement

ലഖ്‌നൗ: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി, അയോധ്യ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ വെളിപ്പെടുത്തി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യു.പി തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥി പ്രഖ്യാപനമാണിത്. മുതിർന്ന പാർട്ടി നേതാവ് പവൻ പാണ്ഡെയാണ് സമാജ്‌വാദി പാർട്ടിക്ക് വേണ്ടി അയോധ്യയിൽ മത്സരരംഗത്തിറങ്ങുക. അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട കൊള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാവിഷയമായി മാറും എന്ന കൃത്യമായ സൂചന നൽകുന്നതാണ് അഖിലേഷിന്റെ ഈ പ്രഖ്യാപനം.

ലഖ്‌നൗവിൽ സംഘടിപ്പിച്ച സമാജ്‌വാദി പാർട്ടിയുടെ ബ്രാഹ്മണ സമ്മേളന വേദിയിൽ വച്ചാണ് അയോധ്യയിലെ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള പ്രഖ്യാപനമുണ്ടായത്. ചടങ്ങിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവേ, അയോധ്യ മണ്ഡലം തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം അഖിലേഷ് പ്രകടിപ്പിച്ചു. 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രമുഖ നേതാവ് ലല്ലു സിംഗിനെ അയോധ്യയിൽ തോൽപ്പിച്ച് ചരിത്രവിജയം നേടിയ വ്യക്തിയാണ് പവൻ പാണ്ഡെ. എന്നാൽ, പിന്നീട് നടന്ന 2017, 2022 തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ വേദപ്രകാശ് ഗുപ്തയോട് അദ്ദേഹം പരാജയപ്പെടുകയാണുണ്ടായത്.

പ്രശസ്തമായ രാമക്ഷേത്രം സ്ഥിതിചെയ്യുന്ന അയോധ്യ നിയമസഭാ മണ്ഡലം, റുദൗലി, മിൽക്കിപൂർ, ബികാപൂർ, ദരിയാബാദ് എന്നിവയ്‌ക്കൊപ്പം അയോധ്യ ജില്ലയിലുള്ള അഞ്ച് മണ്ഡലങ്ങളിലൊന്നാണ്. മതപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമുള്ള പ്രദേശമായതിനാൽ, വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തിൽ കടുത്ത മത്സരം നടക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നായി അയോധ്യ മാറും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags:#uttar pradesh#ayodhya#up elections#samjwadi party
Advertisement

Related News

Comments

Add a Comment

Our Channels

യു.പി നിയമസഭാ തിരഞ്ഞെടുപ്പ്: അയോധ്യയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് അഖിലേഷ് യാദവ് | Malayali Media