Malayali Media
India

കനത്ത മഴയിൽ വിറച്ച് രാജ്യം: അസമിൽ പ്രളയമരണം 96 ആയി; അരലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ

06 Aug 20261 views 3 min read
കനത്ത മഴയിൽ വിറച്ച് രാജ്യം: അസമിൽ പ്രളയമരണം 96 ആയി; അരലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ
Advertisement

ന്യൂഡൽഹി: രാജ്യത്തുടനീളം പെയ്യുന്ന തോരാമഴ ജനജീവിതം പൂർണ്ണമായും സ്തംഭിപ്പിച്ചു. വടക്കൻ-കിഴക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. അതിരൂക്ഷമായ പ്രളയം അനുഭവപ്പെടുന്ന അസമിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 96 ആയി ഉയർന്നു. സംസ്ഥാന സർക്കാരിന്റെ കണക്കുകൾ പ്രകാരം ലക്ഷക്കണക്കിന് ആളുകളെയാണ് വെള്ളപ്പൊക്കം പ്രതികൂലമായി ബാധിച്ചിട്ടുള്ളത്. ഇതിൽ അമ്പതിനായിരത്തോളം പേരെ സുരക്ഷിതമായ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. അതേസമയം, ഹിരാകുഡ് അണക്കെട്ട് തുറന്നുവിട്ടതോടെ ഒഡീഷയിലെ 14 ജില്ലകളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതായി അധികൃതർ അറിയിച്ചു. മലയിടിച്ചിൽ രൂക്ഷമായതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ കേദാർനാഥ്, ബദ്രിനാഥ് എന്നിവിടങ്ങളിലേക്ക് പോകുന്ന തീർത്ഥാടകർക്ക് കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന വിവരങ്ങൾ പ്രകാരം വെള്ളപ്പൊക്കമുണ്ടായ ഭൂരിഭാഗം ഇടങ്ങളിലും ജലനിരപ്പ് താഴ്ന്നുതുടങ്ങിയിട്ടുണ്ടെങ്കിലും, അസമിലുടനീളം ഒന്നര ലക്ഷത്തിലധികം ആളുകൾ ഇപ്പോഴും കടുത്ത ദുരിതം അനുഭവിക്കുകയാണ്. പ്രധാനമായും ബ്രഹ്മപുത്ര അടക്കമുള്ള നദികളിൽ ജലനിരപ്പ് മാറിമറിയുന്നത് അസാമിന്റെ പല ഭാഗങ്ങളെയും ഗുരുതരമായി ബാധിക്കുന്നുണ്ട്.

അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഉത്തരാഖണ്ഡിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നത്. ഡെറാഡൂൺ, ചമോലി, ബാഗേശ്വർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുകൾ ഗൗരവത്തോടെ കാണണമെന്നും, അനാവശ്യമായ യാത്രകൾ ഒഴിവാക്കുന്നതിനൊപ്പം പുറപ്പെടുന്നതിന് മുൻപ് റോഡിലെ സാഹചര്യങ്ങളും കാലാവസ്ഥയും കൃത്യമായി പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു.

Tags:#flood#assam
Advertisement

Comments

Add a Comment

Our Channels

കനത്ത മഴയിൽ വിറച്ച് രാജ്യം: അസമിൽ പ്രളയമരണം 96 ആയി; അരലക്ഷത്തോളം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ | Malayali Media