ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്‌സ്ബുക്കിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ മെറ്റാ തലവൻ മാർക്ക് സക്കർബർഗ് പരസ്യമായി ക്ഷമാപണം നടത്തണമെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു. ഐ.ടി, വിവരവിനിമയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ അദ്ദേഹം സമിതി യോഗത്തിന് ശേഷമാണ് സക്കർബർഗ് നേരിട്ട് മാപ്പ് പറയണമെന്ന നിലപാട് വ്യക്തമാക്കിയത്. സക്കർബർഗ് മാപ്പ് പറയാൻ തയ്യാറായില്ലെങ്കിൽ ഇന്ത്യൻ നിയമ വ്യവസ്ഥ അനുസരിച്ച് സോഷ്യൽ മീഡിയ കമ്പനികൾക്ക് ലഭിച്ചുപോരുന്ന 'സേഫ് ഹാർബർ' സംരക്ഷണം റദ്ദാക്കുമെന്ന് പാർലമെന്ററി കമ്മിറ്റി മുന്നറിയിപ്പ് നൽകി.
മെറ്റയുടെ ഭാഗത്തുനിന്നും ഇത്തരമൊരു നിലപാട് ഉണ്ടാകുന്നത് ഇതാദ്യമായിട്ടല്ലെന്ന് നിഷികാന്ത് ദുബെ ചൂണ്ടിക്കാട്ടി. 2024-ൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സക്കർബർഗ് നടത്തിയ പരാമർശത്തിൽ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ സ്ഥിരത തകർക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നാണ് ഇത് കാണിക്കുന്നത്. അതിനാൽ മാർക്ക് സക്കർബർഗ് സ്വയം മാപ്പ് പറയുക തന്നെ വേണം. അല്ലാത്തപക്ഷം സെക്ഷൻ 79 പ്രകാരമുള്ള 'സേഫ് ഹാർബർ' ആനുകൂല്യങ്ങൾ പിൻവലിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും ദുബെ കൂട്ടിച്ചേർത്തു.
പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് യുവാക്കൾക്ക് പ്രധാനമന്ത്രി ഉറപ്പുനൽകുന്ന വീഡിയോയാണ് മെറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്തിരുന്നത്. സാങ്കേതിക തകരാറുകൾ കാരണമാണ് വീഡിയോ നീക്കം ചെയ്യപ്പെടാൻ ഇടയായതെന്നായിരുന്നു ഇതിൽ മെറ്റ നൽകിയ വിശദീകരണം. സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ വീഡിയോ വീണ്ടും കാണാനാകുംവിധം പുനഃസ്ഥാപിക്കുകയും ചെയ്തു. ഇതിനുപുറമേ, പ്രധാനമന്ത്രിയുടെ അക്കൗണ്ടിലെ പോസ്റ്റുകളിൽ കൂടുതൽ ജാഗ്രതയും മേൽനോട്ടവും ഉറപ്പാക്കുമെന്ന് അറിയിച്ചുകൊണ്ട് മെറ്റ കേന്ദ്രസർക്കാരിന് കത്തയച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും പോസ്റ്റുകൾക്കെതിരെ പരാതികൾ ലഭിക്കുകയാണെങ്കിൽ, ഉന്നത ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനകൾക്ക് ശേഷമേ തുടർന്നടപടികൾ സ്വീകരിക്കുകയുള്ളൂവെന്നും കേന്ദ്രത്തിനയച്ച കത്തിൽ മെറ്റ വ്യക്തമാക്കുന്നു.





