കഴിഞ്ഞ മാസം ഡൽഹിയിലെ ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിയ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അസഭ്യവർഷം നടത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരായ എഫ്.ഐ.ആർ നടപടികൾ ഡൽഹി പോലീസ് അവസാനിപ്പിക്കുന്നു.
നോയിഡ പോലീസ് ഒരു സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഈ തീരുമാനം. കേസ് എടുത്തതിന് പിന്നാലെ പെൺകുട്ടി ഒരു ക്ഷമാപണ വീഡിയോ പുറത്തുവിട്ടിരുന്നു. തനിക്ക് 15 വയസ്സ് മാത്രമാണ് പ്രായമെന്നും, സമരവേദിയിലുണ്ടായിരുന്ന മറ്റുള്ളവരുടെ പ്രേരണയാലാണ് താൻ അത്തരം മോശം പരാമർശങ്ങൾ നടത്തിയതെന്നുമായിരുന്നു വീഡിയോയിലെ വിശദീകരണം.
"എനിക്ക് വെറും 15 വയസ്സ് മാത്രമേയുള്ളൂ. ഞാൻ ചെയ്ത പ്രവർത്തികൾ ഒരിക്കലും മാപ്പർഹിക്കുന്നില്ല. ഒരുപാട് മോശം വാക്കുകൾ ഞാൻ ഉപയോഗിച്ചു. ഇത് എന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണ്. രാജ്യത്തോട് മുഴുവൻ ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് വലിയ നാണക്കേടുണ്ട്, സ്വന്തം മുഖത്തേക്ക് നോക്കാൻ പോലും ഇപ്പോൾ കഴിയുന്നില്ല. ദയവായി എന്നോട് മാപ്പ് തരണം," പെൺകുട്ടി വീഡിയോയിൽ പറഞ്ഞു.
പെൺകുട്ടിയോട് ദയ കാണിക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ അഭ്യർത്ഥനകൾ ഉയർന്നുവരുന്നതിനിടെയാണ്, തനിക്കെതിരെ അധിക്ഷേപം നടത്തിയ 'വഴിതെറ്റിപ്പോയ കുട്ടികൾക്ക്' മാപ്പ് നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. തന്റെ ഒരു ഇൻസ്റ്റാഗ്രാം റീലിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “അവർക്ക് ശിക്ഷ നൽകുന്നതും കോടതികൾ കയറ്റിയിറക്കി ബുദ്ധിമുട്ടിക്കുന്നതും നിലവിലെ സാഹചര്യങ്ങളിൽ ഒരു മാറ്റവും കൊണ്ടുവരില്ല. ഞാൻ അവരോട് ക്ഷമിക്കാൻ ആഗ്രഹിക്കുന്നു. ഞാൻ പറയുന്ന ഈ കാര്യം സമൂഹവും അംഗീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു," അദ്ദേഹം വീഡിയോയിൽ കൂട്ടിച്ചേർത്തു.





