ജന്തർ മന്തറിലെ സമരത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പെൺകുട്ടി പരസ്യമായി മാപ്പപേക്ഷിച്ചു. സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് തനിക്ക് സംഭവിച്ച തെറ്റിൽ പെൺകുട്ടി ഖേദം പ്രകടിപ്പിച്ചത്. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് താൻ സംസാരിച്ചതെന്നും, ഇത് തന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും വീഴ്ചയായിരിക്കുമെന്നും വ്യക്തമാക്കിയ അവർ, രാജ്യത്തോട് മുഴുവൻ മാപ്പുചോദിക്കുന്നതായും വ്യക്തമാക്കി.
പൊതുമധ്യത്തിൽ വെച്ച് പ്രധാനമന്ത്രിയുടെ പദവിയെ അപമാനിക്കുംവിധം പ്രസ്താവനകൾ നടത്തിയതിനും ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ചതിനുമാണ് പോലീസിൽ പെൺകുട്ടിക്കെതിരെ കേസ് (എഫ്.ഐ.ആർ) രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, കേസിലെ എഫ്.ഐ.ആർ രേഖകളിൽ തന്റെ പ്രായം 25 വയസ്സ് എന്നാണ് കാണിച്ചിരിക്കുന്നതെന്നും, യഥാർത്ഥത്തിൽ തനിക്ക് 15 വയസ്സ് മാത്രമേയുള്ളൂ എന്നും പെൺകുട്ടി വീഡിയോയിൽ അവകാശപ്പെട്ടു.





