ന്യൂഡൽഹി: അധികാരത്തിലെത്തിയ നിമിഷം മുതൽ കേരളം ഭരിക്കുന്നത് ബി.ജെ.പിയാണെന്ന് വി.ഡി. സതീശൻ തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് എസ്.എഫ്.ഐ ദേശീയ അധ്യക്ഷൻ ആദർശ് എം. സജി. പി.എം ശ്രീ എന്നത് ആർ.എസ്.എസിന്റെ അജണ്ടയാണെന്ന് ആരോപിച്ച അദ്ദേഹം, വി.ഡി. സതീശന്റെ നുണകളുടെ ചീട്ടുകൊട്ടാരം ഒന്നൊന്നായി തകരുകയാണെന്നും പറഞ്ഞു.
സതീശൻ പ്രചരിപ്പിച്ച അസത്യങ്ങൾ യു.ഡി.എഫിന്റെ എം.പിമാർ തന്നെ പാർലമെന്റിൽ വെളിച്ചത്തുകൊണ്ടുവന്നു. പി.എം ശ്രീ പദ്ധതിയുടെ പേരിൽ കേരളത്തിന് ഒരു രൂപ പോലും ലഭ്യമായിട്ടില്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. പരിപൂർണ്ണ രാജഭക്തിയോടെയാണ് യു.ഡി.എഫ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുൻ എൽ.ഡി.എഫ് ഭരണകൂടം അറബിക്കടലിലേക്ക് വലിച്ചെറിഞ്ഞ പദ്ധതി കെ.എം. ഷാജി മുങ്ങിത്തപ്പിയെടുത്ത് സതീശന്റെ കൈകളിലേക്ക് ഏൽപ്പിച്ചു കൊടുക്കുകയായിരുന്നു. സംഘപരിവാർ സർക്കാരിന്റെ നീക്കങ്ങളെ കേരളത്തിലെ ജനങ്ങൾ പ്രതിരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്തെ മുഖ്യമന്ത്രി ആർ.എസ്.എസിന്റെ മുഖ്യമന്ത്രിയെപ്പോലെയാണ് പെരുമാറുന്നതെന്നും ആദർശ് രൂക്ഷമായി വിമർശിച്ചു.





