ന്യൂഡൽഹി: ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തിനിടയിൽ സമരക്കാർ തനിക്കെതിരെ മോശം പ്രയോഗങ്ങൾ നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അധിക്ഷേപങ്ങൾ ചൊരിയുന്നത് കൊണ്ടൊന്നും ഒരു പ്രശ്നവും പരിഹരിക്കപ്പെടാൻ പോകുന്നില്ലെന്നും, തെറ്റായ വഴിയിലൂടെ സഞ്ചരിക്കുന്നവരെ ശരിയായ പാതയിലേക്ക് നയിക്കുകയാണ് വേണ്ടതെന്നും വീഡിയോ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. 'ഹായ് ഫ്രണ്ട്സ്' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പുതിയ വീഡിയോ പങ്കുവെച്ചത്.
"നമ്മുടെ ഭാരതത്തിന്റെ പുരോഗതിക്കായി നമുക്ക് ഒന്നിച്ചുപ്രവർത്തിക്കാം. അധിക്ഷേപങ്ങൾ ഒന്നിനും ശാശ്വത പരിഹാരമല്ല. കുട്ടികളേ, നിങ്ങളുടെ നല്ല ഭാവിക്ക വേണ്ടിയാണ് എന്റെ ജീവിതം തന്നെ മാറ്റിവെച്ചിരിക്കുന്നത്. ജന്തർ മന്തറിൽ കുട്ടികൾ ചീത്തവിളിക്കുകയും മോശം പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. വിദ്യാർത്ഥികൾ തെറ്റായ ദിശയിലേക്ക് പോകാതെ അവരെ നേർവഴിക്ക് നടത്താൻ നമുക്ക് കൈകോർക്കാം," എന്ന് അദ്ദേഹം പറഞ്ഞു.
ഏറെ വൈകാരികമായാണ് നരേന്ദ്ര മോദി വീഡിയോയിൽ സംസാരിക്കുന്നത്. അപക്വമായ പ്രായത്തിൽ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും, ആ കുട്ടികളെ ശരിയായ ദിശയിലേക്ക് തിരിച്ചുവിടേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തെറ്റുകൾ തിരുത്താൻ അവർക്കിനിയും സമയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, തനിക്കെതിരെ ഉന്നയിച്ച അപകീർത്തികരമായ പരാമർശങ്ങൾക്ക് മാപ്പ് നൽകുന്നതായും പ്രഖ്യാപിച്ചു. 2 മിനിറ്റും 54 സെക്കന്റും ദൈർഘ്യമുള്ള വീഡിയോ സന്ദേശമാണ് പ്രധാനമന്ത്രി പുറത്തുവിട്ടത്.





