ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത പുതിയ വീഡിയോ സന്ദേശത്തെ കളിയാക്കി രംഗത്തെത്തിയിരിക്കുകയാണ് സി.ജെ.പി സ്ഥാപകനായ അഭിജിത്ത് ദീപ്‌കെ. നമ്മുടെ രാജ്യത്തിന്റെ ഭാവിയേക്കാൾ കൂടുതൽ ശോഭ പ്രധാനമന്ത്രിയുടെ ചർമ്മത്തിനുണ്ടെന്നാണ് ദീപ്‌കെയുടെ പരിഹാസം. പാർലമെന്റ് പൊതുപരീക്ഷാ നിയമ ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ കമന്റായാണ് ദീപ്‌കെ ഈ പ്രതികരണം രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിലുള്ള തന്റെ വീട്ടിൽ തിരിച്ചെത്തിയ ദീപ്‌കെ, പ്രധാനമന്ത്രി പദവി ഒഴിഞ്ഞ് നരേന്ദ്ര മോദി ഒരു സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകുന്നതാണ് കൂടുതൽ നല്ലതെന്ന് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. മോദി ഭരണാധികാരിയുടെ കസേര ഒഴിയുകയാണെങ്കിൽ ആ ഉത്തരവാദിത്തം ഭംഗിയായി കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള മറ്റ് നേതാക്കൾ വേറെയുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയ വീഡിയോകളിലൂടെ വിദ്യാർത്ഥികളോട് പ്രധാനമന്ത്രി സംവദിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് ദീപ്‌കെ ഈ രീതിയിൽ മറുപടി നൽകിയത്.





