ന്യൂഡൽഹി/നോയിഡ: സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയ 25 വയസ്സുകാരിയായ യുവതിക്കെതിരെ ഉത്തർപ്രദേശ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നോയിഡയിൽ താമസിക്കുന്ന രുചിക സിങ് എന്ന യുവതിക്കെതിരെ ഗാസിയാബാദ് സ്വദേശി സമർപ്പിച്ച പരാതിയിലാണ് ഈ നടപടി. നോയിഡ എക്സ്പ്രസ് വേ പൊലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 23-ന് ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിനിടയിലാണ് യുവതി അധിക്ഷേപകരമായ പ്രസ്താവന നടത്തിയത്. കേസിൽ വകുപ്പുകളായ 352, 353(1), 356(1) എന്നിവ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യം നടന്നത് ഡൽഹിയിലായതിനാൽ കൂടുതൽ അന്വേഷണത്തിനായി കേസിന്റെ സീറോ എഫ്.ഐ.ആർ ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. നോയിഡയിലെ ഒരു സലൂൺ ജീവനക്കാരിയാണ് രുചിക. പ്രധാനമന്ത്രിക്കെതിരെ ഇവർ നടത്തിയ അധിക്ഷേപങ്ങൾ അടങ്ങിയ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഭരണഘടനാപരമായ പദവിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതും സമാധാനാന്തരീക്ഷം തകർക്കുന്നതും സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതുമാണ് യുവതിയുടെ പരാമർശങ്ങളെന്ന് പരാതിയിൽ ആരോപിക്കുന്നു.
സുപ്രീം കോടതി അഭിഭാഷകയും ഗാസിയാബാദിലെ വസുന്ധരയിൽ താമസക്കാരിയുമായ സ്മൃതി സിങ് ആണ് പരാതിക്കാരി. പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിൽ രുചിക സംസാരിക്കുന്ന നിരവധി വീഡിയോകൾ പ്രചരിച്ചതോടെ ഇവർക്കെതിരെ നിയമപരമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. പരാതി ഉയർന്നതിനെ തുടർന്ന് പൊലീസ് യുവതിയുടെ മേൽവിലാസം കണ്ടെത്തി ഉറപ്പുവരുത്തിയ ശേഷമാണ് എഫ്.ഐ.ആർ ഇട്ടത്. ഇനി ഡൽഹി പൊലീസ് നടത്തുന്ന അന്വേഷണത്തെ ആശ്രയിച്ചായിരിക്കും കേസിൽ തങ്ങളുടെ അടുത്ത ഘട്ട നടപടികളെന്ന് യു.പി പൊലീസ് വ്യക്താക്കി.





