ന്യൂഡൽഹി: ഇ-20 (E20) പെട്രോൾ ഉപയോഗിക്കുന്നതിന് കാറുകളുടെയും ഇരുചക്ര വാഹനങ്ങളുടെയും എഞ്ചിനുകളിൽ യാതൊരുവിധ മാറ്റങ്ങളും വരുത്തേണ്ടതില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയിൽ വ്യക്തമാക്കി. എന്നാൽ, 2016-ന് മുൻപായി നിർമ്മിച്ച ചില പഴയ വാഹനങ്ങളിൽ ഈ ഇന്ധനം അനുയോജ്യമാക്കുന്നതിനായി വളരെ ചെറിയ രീതിയിലുള്ള ക്രമീകരണങ്ങൾ ആവശ്യമായി വന്നേക്കാം. എ.എ. റഹീം എം.പിയുടെ ചോദ്യത്തിന് മറുപടി നൽകവെയാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്. 2005 ഏപ്രിൽ ഒന്നിനും 2016-നും ഇടയിൽ പുറത്തിറങ്ങിയ ബി.എസ് 3 (BS3) വിഭാഗത്തിലുള്ള വാഹനങ്ങളിൽ ഗാസ്കറ്റുകൾ, മറ്റു ചില റബ്ബർ ഭാഗങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം, ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങൾ സംയുക്തമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകളെന്ന് ഗഡ്കരി സഭയെ അറിയിച്ചു. 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ നിറച്ച് പഴയ വാഹനങ്ങൾ ഓടിച്ചുനോക്കിയപ്പോൾ അവയുടെ പ്രവർത്തനക്ഷമതയിൽ യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. വാഹനങ്ങൾക്ക് ശ്രദ്ധേയമായ തേയ്മാനങ്ങളോ മറ്റ് അസാധാരണമായ പ്രശ്നങ്ങളോ ഈ പരിശോധനകളിൽ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.





