ന്യൂഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ച സംഭവത്തിൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ഉദ്യോഗസ്ഥരെ കുറ്റമുക്തരാക്കി. സി.ആർ.പി.എഫ് തലത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിയത്. സേനയുടെ എല്ലാ ചട്ടങ്ങളും പ്രോട്ടോക്കോളുകളും പൂർണ്ണമായും പാലിച്ചാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതോടെ ഇവർക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടികളും ഉണ്ടാകില്ലെന്ന് ഉറപ്പായി. ഈ വെടിവെപ്പിൽ അഞ്ച് പേർക്കാണ് പരിക്കേറ്റിരുന്നത്.
അതേസമയം, ഉദ്യോഗസ്ഥർക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗ് നേരിട്ട് രംഗത്തെത്തി. രാജ്യത്തിന്റെ നന്മ ലക്ഷ്യമാക്കിയുള്ള എല്ലാ നടപടികൾക്കും തന്റെ ഉറച്ച പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരം കാര്യങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കാൻ തയ്യാറാണെന്നും, യാതൊരു ഭയവുമില്ലാതെ സേനാംഗങ്ങൾ തങ്ങളുടെ കടമകൾ നിർവഹിക്കണമെന്നും ഡി.ജി നിർദ്ദേശിച്ചു. എവിടെയെങ്കിലും ഇതിന് മറുപടി പറയേണ്ട സാഹചര്യമുണ്ടായാൽ ഡയറക്ടർ ജനറൽ എന്ന നിലയിൽ താൻ നേരിട്ടുകൊള്ളാമെന്നും ജി.പി. സിംഗ് ഉദ്യോഗസ്ഥർക്ക് ഉറപ്പുനൽകി. സമരക്കാർക്ക് നേരെ ഏഴ് തവണയാണ് ആർ.എ.എഫ് പെല്ലറ്റ് ഗൺ ഉപയോഗിച്ചതെന്ന് സി.ആർ.പി.എഫിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.





