ചെന്നൈ: കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തീരുമാനം റദ്ദാക്കിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ടി.വി.കെ സർക്കാർ ഒരുങ്ങുന്നു. സഹതാപത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം നിയമനങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സർക്കാരിന്റെ ഉത്തരവ് അസാധുവാക്കിയത്. ഇതിനെതിരെയാണ് സർക്കാർ ഇപ്പോൾ സുപ്രീംകോടതിയെ സമീപിക്കുന്നത്.
ഭരണഘടനയിലെ 162-ാം അനുച്ഛേദം പ്രകാരം സംസ്ഥാന സർക്കാരിനുള്ള ഭരണപരമായ അധികാരം വിനിയോഗിച്ചാണ് ഈ നിയമന ഉത്തരവ് ഇറക്കിയതെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ പ്രധാന വാദം. എന്നാൽ, സർക്കാരിന്റെ ഭരണപരമായ അധികാരങ്ങൾ ഭരണഘടനാ പരിധികൾ ലംഘിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഈ നീക്കം ആർട്ടിക്കിൾ 14, 16 എന്നിവയുടെ നഗ്നമായ ലംഘനമാണെന്നും, സർക്കാർ തൊഴിലവസരങ്ങൾ ഭരണഘടനാപരമായ മാർഗ്ഗങ്ങളിലൂടെ മാത്രമേ നികത്താവൂ എന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സർക്കാർ ഉദ്യോഗസ്ഥരായിരിക്കെ മരണപ്പെട്ട നിരവധി പേരുടെ കുടുംബങ്ങൾ ഇപ്പോഴും ആശ്രിത നിയമനത്തിനായി കാത്തിരിപ്പിലുണ്ട്. ഈ സാഹചര്യത്തിൽ കരൂർ ദുരന്തത്തിൽപ്പെട്ടവരുടെ ആശ്രിതർക്ക് സംരംഭകത്വ പരിശീലനം ലഭ്യമാക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു. ഈ കേസിൽ നിയമനം ശരിവെച്ചാൽ, ഭാവിയിൽ സമാനമായ രീതിയിൽ മറ്റ് പലർക്കും സർക്കാർ ജോലി നേടാനുള്ള വഴിതുറക്കുമെന്നും കോടതി വിലയിരുത്തി.
വാഹനാപകടങ്ങളിലും പടക്ക നിർമ്മാണ ശാലകളിലുണ്ടാകുന്ന അപകടങ്ങളിലും മരിക്കുന്ന വ്യക്തികളുടെ കുടുംബങ്ങൾക്ക് വെറും സാമ്പത്തിക നഷ്ടപരിഹാരം മാത്രമാണ് നിലവിൽ നൽകുന്നതെന്ന് കോടതി ഉദാഹരണമായി ചൂണ്ടിക്കാട്ടി. പൊതുമേഖലയിലെ തൊഴിലവസരങ്ങൾ സംസ്ഥാനം സൗജന്യമായി വിതരണം ചെയ്യാനുള്ളതല്ല. അർഹതയിലൂടെ നേടിയെടുക്കേണ്ട ഒന്നാണത്. അതിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിയണമെന്നും പ്രാധാന്യം സംരക്ഷിക്കപ്പെടണമെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.





