Malayali Media
Health

16-ാം വയസ്സിൽ 275 കിലോ ശരീരഭാരം, ബി.എം.ഐ 100-ലേക്ക്; ഡൽഹിയിൽ കൗമാരക്കാരന് അതിസങ്കീർണ്ണമായ ബരിയാട്രിക് ശസ്ത്രക്രിയ വിജയകരം

18 Aug 20265 views 3 min read
16-ാം വയസ്സിൽ 275 കിലോ ശരീരഭാരം, ബി.എം.ഐ 100-ലേക്ക്; ഡൽഹിയിൽ കൗമാരക്കാരന് അതിസങ്കീർണ്ണമായ ബരിയാട്രിക് ശസ്ത്രക്രിയ വിജയകരം
Advertisement

ന്യൂഡൽഹി: കടുത്ത ശ്വാസതടസ്സം, ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, വ്യാപകമായ ത്വക്ക് അണുബാധ എന്നിവയാൽ ബുദ്ധിമുട്ടിയിരുന്ന 16 വയസ്സുകാരന് ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ അതിസങ്കീർണ്ണമായ ബരിയാട്രിക് ശസ്ത്രക്രിയ (ലാപ്രോസ്കോപ്പിക് സ്ലീവ് ഗ്യാസ്ട്രെക്ടമി) വിജയകരമായി പൂർത്തിയാക്കി. 275 കിലോഗ്രാമോളം ഭാരമുണ്ടായിരുന്ന കുട്ടിയുടെ അവസ്ഥ അതീവ ഗുരുതരമായിരുന്നു.

അമിതവണ്ണം മൂലം സാധാരണ കാറുകളിൽ യാത്ര ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടർന്ന് മാറ്റഡോറിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പ്രവേശന സമയത്ത് ഗുരുതരമായ സ്ലീപ് അപ്നിയയും ത്വക്ക് രോഗബാധയും കണ്ടെത്തിയതിനെ തുടർന്ന് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്കും മറ്റ് ആരോഗ്യ ബുദ്ധിമുട്ടുകൾക്കുമായി രണ്ടാഴ്ചയോളം പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ (പി.ഐ.സി.യു) പ്രത്യേക ചികിത്സ നൽകി.

ബോഡി മാസ് ഇൻഡക്സ് (BMI) 100-ന് അടുത്തായതിനാൽ പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, ബരിയാട്രിക് സർജറി, പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജി, പീഡിയാട്രിക് കാർഡിയോളജി, അനസ്തെഷ്യ തുടങ്ങി വിവിധ വിഭാഗങ്ങളിലെ ഇരുപതോളം വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിശദമായ പരിശോധനകൾ നടത്തി. ശസ്ത്രക്രിയ, അനസ്തെഷ്യ, രോഗിയുടെ പൊസിഷനിംഗ്, ലാപ്രോസ്കോപ്പിക് രീതികൾ, ശസ്ത്രക്രിയാനന്തര ശ്വസന പരിചരണം എന്നിവയിലെ ഉയർന്ന അപകടസാധ്യതകൾ സംഘം വിലയിരുത്തി. കുടുംബവുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അമിതവണ്ണത്തിനും അനുബന്ധ രോഗങ്ങൾക്കും പരിഹാരമായി ബരിയാട്രിക് ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചത്.

സർ ഗംഗാറാം ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനിമൽ ആക്‌സസ്, മെറ്റബോളിക് & ബരിയാട്രിക് സർജറി വിഭാഗത്തിലെ ഡോ. ദക്ഷ് സേഥി, ഡോ. സുധീർ കൽഹാൻ, ഡോ. മുകുന്ദ് ഖേതൻ, ഡോ. സുവിരാജ് ജോൺ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. കുട്ടിയുടെ കടുത്ത ശരീരഘടന സൃഷ്ടിച്ച സാങ്കേതിക വെല്ലുവിളികളെ മറികടന്നാണ് ലാപ്രോസ്കോപ്പിക് സ്ലീവ് ഗ്യാസ്ട്രെക്ടമി പൂർത്തിയാക്കിയത്.

ഇതൊരു സാധാരണ ശസ്ത്രക്രിയയായിരുന്നില്ലെന്നും രോഗിയുടെ പ്രായം, അമിതഭാരം, സ്ലീപ് അപ്നിയ എന്നിവ കണക്കിലെടുത്ത് ഓരോ ഘട്ടവും അതീവ ശ്രദ്ധയോടെയാണ് ആസൂത്രണം ചെയ്തതെന്നും ലീഡ് ബരിയാട്രിക് സർജൻ ഡോ. ദക്ഷ് സേഥി പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞ് ഏകദേശം രണ്ട് മാസം പിന്നിടുമ്പോൾ കുട്ടിയുടെ ഭാരം 275 കിലോയിൽ നിന്ന് 223 കിലോയായി കുറഞ്ഞു; ഏതാണ്ട് 50 കിലോയോളമാണ് ശരീരഭാരത്തിൽ കുറവുണ്ടായത്.

ശരീരഭാരം കുറയ്ക്കുക എന്നതിലുപരി രോഗിയുടെ ദീർഘകാല ആരോഗ്യം, ചലനശേഷി, ജീവിതനിലവാരം എന്നിവ വീണ്ടെടുക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ രണ്ട് മാസത്തെ പുരോഗതി ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും ഇത് കൂടുതൽ സജീവവും ആരോഗ്യകരവുമായ ജീവിതത്തിലേക്കുള്ള തുടക്കമാകുമെന്ന് കരുതുന്നതായും ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. സുധീർ കൽഹാൻ അഭിപ്രായപ്പെട്ടു.

Advertisement

Comments

Add a Comment

Our Channels

16-ാം വയസ്സിൽ 275 കിലോ ശരീരഭാരം, ബി.എം.ഐ 100-ലേക്ക്; ഡൽഹിയിൽ കൗമാരക്കാരന് അതിസങ്കീർണ്ണമായ ബരിയാട്രിക് ശസ്ത്രക്രിയ വിജയകരം | Malayali Media