സോഷ്യൽ മീഡിയ വഴി അശ്ലീല ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചു എന്ന ആരോപണത്തിൽ യൂട്യൂബർ 'തൊപ്പി' എന്നറിയപ്പെടുന്ന നിഹാദിന് പൊലീസ് വീണ്ടും നോട്ടീസ് കൈമാറി. വരും ആഴ്ചയിൽ ഹാജരായി ചോദ്യം ചെയ്യലിന് വിധേയനാകണമെന്ന് ആവശ്യപ്പെട്ട് ആലുവ സൈബർ റൂറൽ പൊലീസാണ് ഇയാൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
മുൻപ് ഇയാൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കോടതി അന്ന് ഹർജി തീർപ്പാക്കിയത്. നേരത്തെയും മൊഴിയെടുക്കാൻ ഹാജരാകാൻ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമൻസ് നൽകിയിരുന്നെങ്കിലും ഇയാൾ എത്തിയിരുന്നില്ല.
ചോദ്യം ചെയ്യലിനായി വിളിപ്പിച്ച വേളയിൽ ശാരീരിക അസ്വസ്ഥതകൾ ഉന്നയിക്കുകയും, തുടർന്ന് ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ഇതിനിടെ ഇയാൾ രാജ്യത്തിന് പുറത്തേക്ക് കടന്നേക്കുമെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പാസ്‌പോർട്ട് സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ച് പൊലീസ് ഇയാൾക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. അതേസമയം, അശ്ലീല ദൃശ്യങ്ങൾ പങ്കുവെക്കാൻ ഇയാൾ ഉപയോഗിച്ചിരുന്ന യൂട്യൂബ് ചാനൽ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു.





