മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ‘തുടക്കം’ സിനിമയുടെ ഭാഗമാക്കാൻ ശ്രമിച്ചിരുന്നുവെന്ന് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. സുചിത്രയോട് നേരിട്ട് അഭിനയിക്കുമോ എന്ന് പലതവണ ചോദിച്ചിരുന്നെങ്കിലും അവസാന ഘട്ടത്തിൽ അവർ പിന്മാറുകയായിരുന്നുവെന്ന് ജൂഡ് തമാശയായി പറഞ്ഞു.
‘തുടക്കം’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ആശിർവാദ് സിനിമാസ് പുറത്തുവിട്ട വീഡിയോയിലാണ് ജൂഡ് ഇക്കാര്യം പങ്കുവച്ചത്. സിനിമയിൽ ആന്റണി പെരുമ്പാവൂരും അഭിനയിച്ചിട്ടുണ്ടെന്ന് ആശിഷ് പറഞ്ഞപ്പോൾ, ‘ഞാൻ എല്ലാ സിനിമയിലും ഉണ്ടല്ലോ’ എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. ഇതിന് പിന്നാലെയാണ് സുചിത്രയെയും സിനിമയിൽ അഭിനയിപ്പിക്കാൻ ശ്രമിച്ചിരുന്ന വിവരം ജൂഡ് വെളിപ്പെടുത്തിയത്.
സുചിത്രയോട് നിരവധി തവണ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെന്നും സിനിമ പൂർണമാകണമെങ്കിൽ അവരും എത്തേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ജൂഡ് പറഞ്ഞു. എന്നാൽ അവസാന നിമിഷം സുചിത്ര അഭിനയിക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. മോഹൻലാൽ ഉൾപ്പെടെ കുടുംബത്തിലെ എല്ലാവരും അഭിനയിക്കുന്ന സിനിമയാകാനുള്ള സാഹചര്യമുണ്ടായിരുന്നെങ്കിലും സുചിത്രയുടെ തീരുമാനത്തോടെ അതിന് സാധിച്ചില്ലെന്നും ജൂഡ് തമാശയായി പറഞ്ഞു.





